കൊച്ചി: മാണി സി കാപ്പന്‍ എം.എല്‍.എ, എന്‍.സി.പിയിലേക്ക് മടങ്ങാൻ സാധ്യത. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കാപ്പന്‍ പ്രാഥമിക ചര്‍ച്ച നടത്തി. എ.കെ ശശീന്ദ്രനു പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍.സി.പി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ട്.
പി.സി ചാക്കോ മുന്‍കൈയെടുത്താണ് മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ചാക്കോയുമായി പലതവണ മാണി സി. കാപ്പന്‍ ചര്‍ച്ചകള്‍ നടത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് എൻ.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായും കാപ്പന്‍ സംസാരിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന് പകരം മാണി സി കാപ്പനെ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം പി.സി ചാക്കോ മുന്നോട്ടുവച്ചിട്ടുണ്ട്.
എന്‍.സി.പിയിലേക്ക് മടങ്ങുന്നതില്‍ മാണി സി കാപ്പനും താല്‍പര്യമാണത്രേ. എ.കെ.ശശീന്ദ്രനും തോമസ് കെ. തോമസ് എം.എല്‍.എയും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതംവയ്ക്കാം എന്നാണ് പാര്‍ട്ടിയിലെ ധാരണ. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പിസി ചാക്കോയ്ക്ക് ലഭിക്കാന്‍ ശരദ്പവാര്‍ ശ്രമിക്കുന്നുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി പവാർ സംസാരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനമെടുക്കും എന്നാണ് യച്ചൂരി നല്‍കിയ മറുപടി. ചാക്കോയ്ക്കു വേണ്ടി ശരദ് പവാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കും.
എന്നാൽ, പി.സി.ചാക്കോയുടെ നീക്കത്തിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്.
എന്‍സിപിക്ക് രാജ്യസഭ സീറ്റ് കിട്ടിയാല്‍ എ.കെ.ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കുകയും പകരം കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുക എന്ന നിലപാടാണ് പി.സി.ചാക്കോ അനുകൂലികളായ നേതാക്കള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ എന്‍.സി.പി ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാണ്.
മാണി സി. കാപ്പനെ തിരികെ എത്തിക്കുന്നതിനെക്കുറിച്ച് സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (മാണി) പാര്‍ട്ടികളുടെ നിലപാടും പ്രധാനമാണ്.
എൽ.ഡി.ഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണിയെ പാലായിൽ യുഡിഎഫ് പിന്തുണയോടെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് മാണി സി.കാപ്പൻ എൻ.സി.പി വിട്ടത്.
പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നടപടി.
ഇതിനുശേഷമാണ് നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്