NEWSWorld

വൈക്കത്തെ തറവാട്ടിലെത്തിയ കള്ളനെ സോണി കണ്ടത് പാലായിലെ ഭർതൃഗൃഹത്തിലിരുന്ന്, ഹൈദരാബാദിലെയും കാൻപുരിലെയും വീട്ടിൽ കടന്ന കള്ളന്മാരെ വീട്ടുടമകൾ കണ്ടത് അമേരിക്കയിലിരുന്ന്, മൂന്നു കള്ളന്മാരും നിമിഷങ്ങൾക്കുള്ളിൽ അകത്തായി

ണ്ടു മാസം മുമ്പുള്ള ആ രാത്രി സോണി ജീവിതത്തിലൊരിക്കലും മറക്കില്ല. രാത്രി ഒന്നരയ്ക്ക് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു സോണി. അപ്പോഴാണ് യാദൃശ്ചികമായി സ്വന്തം മൊബൈൽ ഫോണിൽ ആ ദൃശ്യം ശ്രദ്ധയിൽ പെട്ടത്. വൈക്കത്തെ തറവാട് വീടിന്റെ ടെറസിൽ നൈറ്റിധരിച്ചു ഒരാൾ…!

വയോധികരായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വൈക്കത്തെ വീടിന്റെ ടെറസിൽ രാത്രി  മോഷ്ടാവ് നിൽക്കുന്ന വിവരം പാലായിരുന്നു കണ്ട സോണി ഫോണിൽ പൊലിസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലിസ് മിനിറ്റുകൾക്കകം കള്ളനെ പിടികൂടി.
കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ റോബിസനാണ് വലയിൽ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം ഇതേ രീതിയിൽ തന്നെ ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് വീട്ടുടമസ്ഥന്‍ പിടികൂടി. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്.

ഹൈദരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിൽപ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ അടച്ചിട്ട വീട്ടില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണു കള്ളന്‍ കയറിയത്. ജോലി ആവശ്യാര്‍ഥം അമേരിക്കയില്‍ കഴിയുന്ന ഉടമ വീടിനു സമീപം ആൾ സാന്നിധ്യമുണ്ടായാല്‍ അലര്‍ട്ട് നല്‍കുന്ന അത്യാധുനിക സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതൊന്നുമറിയാതെ പൂട്ടു പൊളിച്ച് വീടിനകത്തു കയറിയ കള്ളൻ വാതിലടച്ച് ഉള്ളില്‍നിന്നു കുറ്റിയിട്ടു. ക്യാമറക്കണ്ണുകള്‍ ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ഉടമയെ അറിയിച്ചുകൊണ്ടിരുന്നു. കാഴ്ചകൾ കണ്ടു ഞെട്ടിയ വീട്ടുടമ ഉടനെ പൊലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു.

ഹൈദരാബാദ് സ്റ്റേഷനിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍‍സ്പെക്ടറും രണ്ടു കോണ്‍സ്റ്റബിൾമാരും വീട്ടിലെത്തി കതകില്‍ മുട്ടി. പക്ഷേ ആരും വാതിൽ തുറന്നില്ല. പിന്നീട് ഇന്‍സ്പെക്ടര്‍ ജനല്‍വഴി അകത്തു കയറി പരിശോധിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തുകൊണ്ടു പോകാൻ തയ്യാറാക്കി വച്ചിരിക്കുന്നതായി കണ്ടെത്തി.

കിടപ്പുമുറിക്കുള്ളിൽ കള്ളനുണ്ടെന്നു പൊലീസ് മനസിലാക്കി. കീഴടങ്ങിയില്ലെങ്കില്‍ വെടിവച്ചിടും എന്ന മുന്നറിയിപ്പ് നൽകിയതോടെ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്ന കള്ളന്‍ പുറത്തിറങ്ങി. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്താറുള്ള കുപ്രസിദ്ധ കള്ളൻ ടി. രാമകൃഷ്ണന്‍ അങ്ങനെ അറസ്റ്റിലായി. വീട്ടില്‍ കള്ളന്‍ കയറിയതും പിടികൂടിയതുമായ ദൃശ്യങ്ങള്‍ വീട്ടുടമ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണു സംഗതി പുറംലോകം അറിഞ്ഞത്.

ഇതിന് ഒരു മാസം മുമ്പാണ് കാൻപുരിലെ അടച്ചിട്ട വീട്ടിൽ കയറിയ കള്ളന്മാരെ സി.സി.ടി.വിയിലൂടെ അമേരിക്കയിലിരുന്നു കണ്ട് വീട്ടുടമ തസ്കരസംഘത്തെ കുരുക്കിയത്. ന്യൂജഴ്സിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിജയ് അശ്വതിയാണ് ഉത്തർപ്രദേശിലെ കാൻപുർ ചകേരിയിലുള്ള പൊലീസ് സ്റ്റേഷനിൽ മോഷണ വിവരം അറിയിച്ചത്.
പൊലീസ് ഓഫിസർ മധുർ മിശ്രയുടെ നേതൃത്വത്തിൽ പാഞ്ഞെത്തിയ പൊലീസിനുനേരെ വീടിനുള്ളിൽ നിന്നു മോഷ്ടാക്കൾ വെടിയുതിർത്തു. തിരികെ വെടിവച്ച പൊലീസ്, മോഷണ സംഘത്തലവൻ ശ്രീനാഥ് റാത്തോഡിനെ വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന ചിലർ കടന്നുകളഞ്ഞു. വിജയ് അശ്വതി വീട്ടിലെ ദൃശ്യങ്ങൾ മൊബൈലിൽ നിരീക്ഷിച്ചപ്പോഴാണ് കള്ളൻ‍മാരെ കണ്ടത്.

Back to top button
error: