IndiaNEWS

സോണിയ ഗാന്ധിക്കും കുടുംബത്തിനുമെതിരെ പടയൊരുക്കം, നേതൃമാറ്റം വേണം, കെ.സി വേണുഗോപാൽ പൂർണ പരാജയം; തിരുത്തൽവാദി ശക്തികളായ ജി- 23 നേതാക്കള്‍

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ട എന്നു ദില്ലിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു.

രാജ്യത്ത് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന. ഈ നീക്കങ്ങളെ അംഗീകരിക്കില്ല എന്നാണ് ജി 23 നേതാക്കളുടെ തീരുമാനം.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും ശക്തമായ പടനീക്കം. പ്രചാരണത്തിനു പോലും പോകാത്ത വേണുഗോപാൽ, പൂർണ പരാജയമാണെന്നാണ് ജി-23 നേതാക്കൾ ആരോപിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒരിടത്തു പോലും വിജയിക്കാൻ കോൺഗ്രസിന് കഴിയാത്തതിൽ കനത്തനിരാശ ഈ ക്യാമ്പിലുണ്ട്.
പാർട്ടിക്കുള്ളിൽ രോഷം പുകയുകയാണ്. പ്രധാനമായും തിരുത്തൽവാദി ശക്തികളായ ജി-23 നേതാക്കളുടെ നേതൃത്വത്തിൽ ഇപ്പോൾ പാർട്ടി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്.

Signature-ad

ഇന്നലെ ചേർന്ന ജി-23 നേതാക്കളുടെ യോഗം കൃത്യമായൊരു തന്ത്രം ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കാരണം, കോൺഗ്രസിന് നിലവിൽ ഒരു പൂർണസമയ അധ്യക്ഷനില്ല. അതുകൊണ്ടുതന്നെ ഒരു സ്ഥിരം അധ്യക്ഷനെ നിയോഗിക്കേണ്ടത് അനിവാര്യതയാണ്. ഇക്കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താനാണ് ജി-23 നേതാക്കളുടെ തീരുമാനം.
സമവായം എന്ന നിലയിൽ ഗാന്ധികുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്കും ജി-23 നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്.

സമൂലമാറ്റം ആവശ്യപ്പെട്ടുള്ള നീക്കമായിരിക്കും വരുംദിവസങ്ങളിൽ ജി-23 നേതാക്കൾ പാർട്ടിക്കുള്ളിൽ നടത്തുകയെന്നാണ് സൂചന. അടുത്തുതന്നെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചു ചേർക്കാൻ സാധ്യതയുണ്ട്. ആ യോഗത്തിൽ നിശിതവിമർശനം ഉയരാൻ സാധ്യതയുണ്ട്. കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരോക്ഷമായി രംഗത്തുവരുന്ന സാഹചര്യമുണ്ട്.
ഇതിനിടെ കെ.സി വേണുഗോപാലിനെതിരെ കേരളത്തിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്നാണ് വിമര്‍ശനം.
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. ‘പെട്ടി തൂക്കി വേണുഗോപാലിനെ പുറത്താക്കൂ’ എന്നും പോസ്റ്ററുകളില്‍ വിമര്‍ശനമുണ്ട്.

Back to top button
error: