സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ച്, സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിൽ എത്തിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കെ-ഫോൺ നെറ്റ് വർക്കിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക, വൈഫൈ കവറേജ് വർധിപ്പിക്കും. തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോർട്ടുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണെന്നും ധനമന്ത്രി വിശദീകരിച്ചു.
‘നിലവിൽ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കൾക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകും’ മന്ത്രി പറഞ്ഞു.
അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ 823 കോടി രൂപ കിഫ്ബിയുടെ വിഹിതമാണ്. ബാക്കിതുക സംസ്ഥാന സർക്കാരും ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
5ജി ലീഡർഷിപ്പ് പാക്കേജ് നടപ്പാക്കും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി വകയിരുത്തും. ഇതിൽ 11 പുതിയ മികവിന്റെ കേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള 22 കോടിയും ഉൾപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.