KeralaNEWS

ഐ.എസ്.എല്‍ ആദ്യ സെമിയില്‍ ബ്സാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ; ആരാധകർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമൊരുക്കി മാനേജ്മെന്റ്

ന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.ഗോവിയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും.ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനക്കാരായി സെമി ഫൈനലിന് യോഗ്യത നേടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ജംഷഡ്പുര്‍ എഫ്.സിയാണ്.സീസണില്‍ മികച്ച ഫോമിലൂടെ കടന്ന് പോകുന്ന ജംഷഡ്പുരിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ന് മഞ്ഞപ്പട കളിക്കാനിറങ്ങുന്നത്.അതേസമയം സെമിയിലെ എതിരാളികൾ അത്ര ചില്ലറക്കാരല്ല. ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കിയാണ് ജംഷഡ്പൂർ വരുന്നത്. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എൽ പ്ലേഓഫ് കളിക്കുന്നത്. ഓവൻ കോയിൽ എന്ന പരിശീലകനാണ് മെൻ ഇൻ സ്റ്റീൽസിന്റെ എല്ലാമെല്ലാം.

 

ഗ്രൂപ്പ് മത്സര ഘട്ടത്തില്‍ രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എന്തായിരുന്നു മത്സര ഫലം, കളിയിലെ കണക്കുകള്‍ എന്തെല്ലാമായിരുന്നു എന്ന് നമുക്കൊന്ന് നോക്കാം.ഡിസംബര്‍ 26നായിരുന്നു ബ്ലാസ്റ്റേഴ്‌സും ജംഷഡ്പുര്‍ എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരം.അന്ന് 1-1 എന്ന സ്‌കോറിന് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു.14ാം മിനുട്ടില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് ഗോള്‍ നേടിയപ്പോള്‍ 27ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്.

 

ഇഞ്ചോടിഞ്ച്‌ പോരാട്ടം കണ്ട മത്സരത്തിൽ 53 ശതമാനം പന്ത് കൈവച്ചത് ബ്ലാസ്റ്റേഴ്‌സായിരുന്നു. എന്നാല്‍ ജംഷഡ്പുര്‍ എഫ്.സി 18 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍വല ലക്ഷ്യമാക്കി തൊടുത്തത്. തക്ക സമയത്ത് പ്രതിരോധിച്ച് നിന്നതോടെ ഇതില്‍ നാലെണ്ണം മാത്രമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റായത്. വിജയഗോൾ നേടാൻ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾവല കണ്ടെത്താൻ കഴിയാതിരുന്നതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

 

ഫെബ്രുവരി പത്തിനായിരുന്നു ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം നടന്നത്.ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 51 ശതമാനം പന്ത് കൈവശം വെച്ച ബ്ലാസ്റ്റേഴ്‌സ്, 9 ഷോട്ടുകൾ ഉതിർക്കുകയും 2 രണ്ടെണ്ണം ഷോട്ട് ഓൺ ടാർഗറ്റ് ആവുകയും ചെയ്‌തു. അതേ സമയം, 11 ഷോട്ടുകൾ ഉതിർത്ത ജംഷഡ്പൂരിന്റെ 3 ഷോട്ടുകളാണ് ഓൺ ടാർഗറ്റ് ആയത്. ഇതും മൂന്നും ബ്ലാസ്റ്റേഴ്‌സ് ഗോൾവലയെ ചുംബിക്കുകയും ചെയ്‌തു.മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. സെമി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ നിര ഇറങ്ങുമ്പോള്‍ ജംഷഡ്പുരിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് ഇരു കൂട്ടരും തമ്മിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്.തന്നെയുമല്ല,വുക്കമനോവിച്ചിന്‍റെ കീഴിൽ ആരെയും വീഴ്ത്താൻപോന്ന ഒരു സംഘമായി ഇന്ന് കൊമ്പൻമാർ  മാറിയിട്ടുമുണ്ട്.

 

 

ഇവിടെ മറ്റൊരു പ്രധാന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.ആദ്യ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ച് ജയവും അഞ്ച് സമനിലയുമായി 20 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് ബ്ലാസ്റ്റേഴ്‌സ് വിഹരിക്കുന്നതിനിടെയാണ് ടീം ഒന്നടങ്കം കോവിഡില്‍ ലോക്ക് ആയത്.രണ്ടാഴ്ചയോളം ടീമിന് പരിശീലനത്തിനിറങ്ങാൻ പോലുമായില്ല.ഇതേത്തുടർന്ന് ജനുവരി 12ലെ ഒഡീഷയ്‌ക്കെതിരായ മത്സരത്തിനുശേഷം രണ്ട് മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിനു നഷ്ടമായി. മുംബൈ സിറ്റി എഫ്‌സിക്കും എടികെ മോഹന്‍ ബഗാനും എതിരായ മത്സരങ്ങളാണ് നഷ്ടമായത്. നീട്ടിവയ്ക്കപ്പെട്ട മുംബൈ സിറ്റി എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ റീഷെഡ്യൂള്‍ ചെയ്തപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തുടര്‍ച്ചയായി കളത്തിലിറങ്ങേണ്ടി വരികയും ചെയ്തു.എതായാലും ഇതെല്ലാം അതിജീവിച്ച് ടീം സെമിഫൈനലിൽ എത്തി.ഇനി കിരീടത്തില്‍ മുത്തമിടുന്നത് കാണിനായുള്ള കാത്തിരുപ്പിലാണ് മഞ്ഞപ്പട ആരാധകർ.പരിക്കിന്‍റെ പിടിയിലായിരുന്നവർ ഓരോരുത്തരായി തിരിച്ചെത്തുന്നതും ആത്മവിശ്വാസം കൂട്ടുന്നു.

 

അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ്. ഇന്ന്, കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.മഞ്ഞപ്പടയുടെ ആരാധകർക്ക് കലൂരിലെ ഫാൻ പാർക്കിൽ ഒരുമിച്ചിരുന്ന് കളി കാണാം.വെർച്വലായി  ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ആരാധകർക്ക് പിന്തുണ നൽകാം.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

Back to top button
error: