‘നാടോടിക്കാറ്റ് എന്ന സിനിമയിൽ ദുബായിലേക്കെന്ന് പറഞ്ഞ് വിജയനെയും ദാസനെയും(മോഹൻലാൽ, ശ്രീനിവാസൻ) പറ്റിച്ച് ഉരുവിൽ കയറ്റി മദ്രാസിൽ ഇറക്കുന്ന ഗഫൂർ കാ ദോസ്തിനെ…!!
“കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോന്ന ഉരുവാണ്.ഇങ്ങ്ക്ക് രണ്ടാള്ക്കും ബേണ്ടി വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം.അത്യാവശ്യം വേണ്ട ചെല അറബി വാക്കുകളും ഞമ്മളിപ്പം പഠിപ്പിച്ചു തരാം.’അസലാമു അലൈക്കും… വാ അലൈക്കും മുസലാം’ മതി… !
പിന്നെ ദുബായിലെത്തി ആര് ചോദിച്ചാലും ഗഫൂർക്കാ ദോസ്ത് എന്ന് പറഞ്ഞാ മതി.”
ദാസനെയും വിജയനെയും ദുബായിലാണെന്ന് പറഞ്ഞ് മദ്രാസ്സിലിറക്കി പറ്റിച്ച മാമുക്കോയയുടെ ഗഫൂറിനെ ‘നാടോടിക്കാറ്റ്’ കണ്ടവരാരും മറക്കുമെന്ന് തോന്നുന്നില്ല.ഇതേപോലെ
ദുബായ് എന്നു പറഞ്ഞ് പത്തേമാരിക്കാർ പണ്ട് യാത്രക്കാരെ ഇറക്കിവിട്ടിരുന്ന ഒരു പാറക്കെട്ട് ഇപ്പോഴും യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം ഖോര്‍ഫുക്കാൻ കടലിടുക്കിൽ തലയെടുപ്പോടെ ഉയർന്നു നില്‍പ്പുണ്ട്. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ ഈ കടല്‍തീരത്തിനും പറയാന്‍ കഥകൾ ഏറെ.
‘ഗഫൂർ കാ ദോസ്തു’മാർ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന, സ്വപ്നങ്ങളുടെ മനോഹര തീരം.മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ച 1960 കാലത്ത് ജീവിതമാര്‍ഗം തേടി മുംബൈയില്‍ നിന്ന് കടല്‍താണ്ടിയെത്തിയവരെ ഉരു ഉടമകള്‍ ഇറക്കിവിട്ടിരുന്നത് ഖോര്‍ഫുക്കാനിലെ ഈ പാറക്കെട്ടിലാണ്.
ഹോര്‍മുസ് കടലിടുക്ക് ചുറ്റി ദുബൈയിലെത്തിയാല്‍ പൊലീസ് പിടിയിലാവാൻ സാധ്യതയുള്ളതുകൊണ്ടാണ് ഫുജൈറയ്ക്കടുത്തുള്ള വിജനമായ ഖോര്‍ഫുക്കാൻ തീരത്തെ അവര്‍ അക്കാലത്ത് ആശ്രയിച്ചത്.
മണിക്കൂറുകളോളം പാറക്കെട്ടില്‍ കഴിഞ്ഞ് പൊലീസില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇങ്ങനെ തീരത്തേക്ക് നീന്തിക്കയറി ജീവിതം കൊയ്തെടുത്തവരും ജീവൻ കടലിൽ കളഞ്ഞവരും ധാരാളം.സ്വപ്നഭൂമിതേടിയെത്തി
ചരിത്രം എന്നും വിജയികളോടൊപ്പമായതുകൊണ്ട് ഇവരുടെ കഥ എവിടെയും രേഖപ്പെടുത്താതെയും പോയി.
കടല്‍തീരത്തു കൂടി കാല്‍നടയായും മലയിറങ്ങി വന്ന അറബികളുടെ വണ്ടികളില്‍ വലിഞ്ഞുകയറിയും ദുബായിലും അതുവഴി മറ്റു ദേശങ്ങളിലുമെത്തി ജീവിതം കരുപിടിപ്പിച്ച പൂര്‍വികരുടെ കഥ ഒരുപക്ഷെ പുതുതലമുറയ്ക്ക് ഇന്ന് ചിന്തിക്കാന്‍ പോലുമാവില്ല; ജീവിതം കടലാഴങ്ങളിൽ ഹോമിക്കേണ്ടി വന്ന ആ ശനിശാപ ജൻമങ്ങളുടെയും!
യുഎഇയിലെ ഏഴ് എമിറേറ്റുകളിലൊന്നായ ഷാർജയുടെ ഭാഗമാണ് ഖോർഫുക്കാൻ. ലാൽജോസിന്റെ ‘അറബിക്കഥ’ എന്ന സിനിമ ഈ പ്രദേശങ്ങളിലായിരുന്നു ഷൂട്ട് ചെയ്തതെങ്കിലും പ്രവാസത്തിന്റെ ചൂരും ചൂടും കാര്യമായി അടയാളപ്പെടുത്തിയ ഒരു പടമായിരുന്നില്ല അത്.
അതേസമയം അക്കാലത്തെ പ്രവാസിജീവിതത്തിന്‍റെ തിരുശേഷിപ്പുകള്‍ ഏറെക്കുറെ ചര്‍ച്ച ചെയ്യുന്ന ഒരു പടമായിരുന്നു മമ്മൂട്ടി നായകനായ ,’പത്തേമാരി’.
എങ്കിലും നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന് ആടുജീവിതത്തിൽ ബെന്യാമിൻ പറയുന്നതുപോലെ തന്നെയാണ് ഒരുപാട് കണ്ണീർകഥകൾ ചേർന്ന് ദൃഢമായി പോയ ഖോർഫുക്കാനിലെ ആ പാറയുടെ കാര്യവും.