KeralaNEWS

എന്താണ്  സ്റ്റാർട്ടപ്പ് കമ്പനി?എങ്ങനെ ഒരു സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാം?  

രു നൂതന ഉൽ‌പ്പന്നമോ , സേവനമോ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനായി ഒന്നോ അതിലധികമോ സംരംഭകർ ചേർന്ന് സ്ഥാപിക്കുന്ന ഒരു യുവ കമ്പനിയെയാണ് സ്റ്റാർട്ടപ്പ് കമ്പനി (സ്റ്റാർട്ടപ്പ് അല്ലെങ്കിൽ സ്റ്റാർട്ട്-അപ്പ്) അഥവാ നവ സംരംഭം എന്നുപറയുന്നത്. ഇതുവഴി ഒരു വിപണന ആവശ്യം നിറവേറ്റാൻ ആ കമ്പനി ശ്രമിക്കുന്നു.2016 ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച  ഒരു സംരംഭമാണ്  സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി. സ്റ്റാർട്ടപ്പുകൾ ഒരു ഏക സ്ഥാപനം എന്നതിനപ്പുറം, വലിയ വളർച്ച കൈവരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസുകളെയാണ് സൂചിപ്പിക്കുന്നത്.
മികച്ച സംരംഭങ്ങൾക്ക് മുതൽമുടക്കാനും വിപണനസാധ്യതകൾ ഉറപ്പാക്കാനും വിവിധ ഏജൻസികളും , സർക്കാരും ഏഞ്ചൽ ഇൻവെസ്റ്റേഴ്സും തയ്യാറായി മുന്നോട്ട് വന്നത് ആധുനിക കാലത്ത് സ്റ്റാർട്ടപ്പ് കമ്പനികൾ തഴച്ചുവളരാൻ സഹായകമായി. സ്റ്റാർട്ടപ്പുകൾക്കായി ഏറ്റവും കൂടുതൽ വെഞ്ച്വർ ഫണ്ട്‌ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ജോലി അന്വേഷിക്കുന്നതിനു പകരം തൊഴിൽ സംരംഭാകരാവുന്ന പ്രവണത ഇന്ത്യയിൽ വർധിച്ചു വരുന്നു.
ഒരു സ്റ്റാർട്ടപ്പ് സാധാരണയായി ഒരു ചെറിയ ബിസിനസ്സ് പങ്കാളിത്തം അല്ലെങ്കിൽ ഒരു ഓർഗനൈസേഷനാണ്. ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇത്തരത്തിലുള്ള കമ്പനികൾ ലക്ഷ്യമിടുന്നത്. മിക്കപ്പോഴും, സ്റ്റാർട്ടപ്പ് കമ്പനികൾ ഇന്റർനെറ്റ്, ഇ-കൊമേഴ്‌സ്, കമ്പ്യൂട്ടറുകൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ ഉപയോഗിക്കുന്നു. ഉയർന്ന തോതിലുള്ള പരാജയനിരക്കും , അനിശ്ചിതമായ ഫലങ്ങളും കാരണം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിശ്രമം പ്രത്യേകിച്ചും വെല്ലുവിളിയാണ്. 1990കളുടെ അവസാനത്തിൽ ധാരാളം ഇന്റർനെറ്റ് അധിഷ്ഠിത സ്റ്റാർട്ടപ്പ് കമ്പനികൾ രൂപീകരിക്കപ്പെട്ടു.
സ്റ്റാർട്ടപ്പ് കമ്പനികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളാണ് ഇൻകുബേഷൻ സെന്ററുകൾ (ഇങ്കുബേറ്റർ) എന്നു പറയുന്നത്. തിരുവനന്തപുരം ടെക്നോപാർക്കും , കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ബിസ്നെസ്സ് ഇൻകുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സ്റ്റാർട്ടപ്പ് വിപ്ലവത്തിനു തുടക്കം കുറിച്ചത്. കളമശ്ശേരി കിൻഫ്ര ക്യാമ്പസ്സിലും ഒരു സ്റ്റാർട്ടപ്പ് വില്ലേജ് ആരംഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ ഒരു കമ്പനിക്ക് വേണ്ടത്ര വ്യവസായ ബന്ധങ്ങളോ , അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല.
 ഇൻകുബേറ്ററുകൾ സഹായകമാകുന്നത് ഇവിടെയാണ്. സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായോ , ചെറിയ നിരക്കുകളിലോ ലഭിക്കും. ബ്രാൻഡിങ്ങിനും , സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും ഇൻകുബേറ്ററുകൾ സഹായിക്കും. സ്റ്റാർട്ടപ്പ് അക്സിലറേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളെ സഹായിക്കും.  ചിലപ്പോൾ എത്ര ആസൂത്രണത്തോടെ ആരംഭിച്ചാലും കമ്പനി വേണ്ടത്ര ശ്രദ്ധ നേടിയില്ലെന്നു വരും. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കൂടിയാണ് ഇൻകുബേഷൻ സെന്ററുകളും നൽകുന്നത്.ഇന്ന് മികച്ച വിജയം സ്വാന്തമാക്കുന്ന ഒട്ടേറെ സ്റ്റർട്ടുപ്പുകൾ കേരളത്തിലുണ്ടെന്നതു ശ്രദ്ധേയം.പല എൻജിനിയറിങ് കോളേജുകളും  ഇതിനായി സഹായം  നൽകുന്നുണ്ട്.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ സ്റ്റാർട്ടപ്പുകൾക്കു സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമും പദ്ധതികൾക്കു സഹായവുമായി രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ മൂലധനം കണ്ടെത്താൻ ഇതെല്ലാം സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു. വിദ്യാർത്ഥിസംരംഭകർക്ക് ഗ്രേസ് മാർക്കും , ഹാജരും നൽകുന്ന സംരംഭക നയവുമായി സംസ്ഥാന സർക്കാരും രംഗത്തുണ്ട്.
ഇൻകുബേഷൻ സെന്ററുകളോടു ചേർന്ന് ഇന്നവേഷൻ സോണുകളും ഇന്നുണ്ട്. വേറിട്ട ആശയങ്ങളുള്ളവർക്ക് അവ യാഥാർഥ്യമാക്കാനുള്ള സാങ്കേതിക സഹായം നൽകുന്ന ഇടങ്ങളാണിവ. പല പരീക്ഷണങ്ങൾക്കും ആവശ്യമായ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ പക്കലുണ്ടാകണമെന്നില്ല. ഇതിനുള്ള സൗകര്യങ്ങളാകും ഇന്നവേഷൻ സോണുകൾ ഒരുക്കുക.
സ്റ്റാർട്ടപ്പ് തുടങ്ങി കുറച്ചു കഴിയുമ്പോൾ പഴയ ഊർജ്ജം ഉണ്ടാകണമെന്നില്ല. ഇവർക്കു കരുത്തേകാനാണ് ഗൂഗിൾ ഉൾപ്പെടെയുള്ളവയുടെ ആക്സിലറേറ്റർ സെന്ററുകളും , പ്രോഗ്രാമുകളും. സ്റ്റാർട്ടപ്പുകൾക്കു പങ്കെടുക്കാവുന്ന മത്സരങ്ങളോ , പ്രത്യേക പരിശീലന പദ്ധതികളോ ഉണ്ടാകും. മത്സരത്തിൽ വിജയിക്കുന്നവർക്കു വൻകിട കമ്പനികളുടെ സഹായവും , പിന്തുണയും ലഭിക്കും.
സ്റ്റാർട്ടപ്പുകളുടെ സഹായകരാണ് ഏഞ്ചൽ ഇൻവെസ്റ്റർമാർ. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ട പ്രവർത്തങ്ങൾക്കു ശേഷം ഉത്പന്നവും , സേവനവും വിപണിയിലെത്തിക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലായാണ് എഞ്ചൽ ഇൻവെസ്റ്റർമാർ രക്ഷക്കെത്തുന്നത്. ഭാവിയിൽ കമ്പനി തന്നെ സ്വന്തമാക്കാനുള്ള സാധ്യതകളും ഇവരുടെ മനസ്സിലുണ്ടാകും. രത്തൻ ടാറ്റ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടനകളുണ്ട്.
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ എപ്പോഴും പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വാക്കാണ് യുണിക്കോൺ സ്റ്റാർട്ടപ്പുകൾ. പ്രവർത്തനം തുടങ്ങി അതിവേഗത്തിൽ ഒരു ബില്ല്യൺ ഡോളർ മൂല്യം (6350 കോടി രൂപ) കൈവരിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് യുണികോൺ സംരംഭങ്ങൾ എന്ന് വിളിക്കാറുള്ളത്. ഒരു ബില്ല്യൺ ഡോളറിൽ ഒരു സ്റ്റാർട്ടപ്പിന് മൂല്യം കൈവരുകയെന്നത് അസാധാരണമായ കാര്യമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട പേരിൽ വിളിക്കുന്നത്.
2013ൽ ഐലിൻ ലീ എന്ന വെഞ്ച്വർ കാപ്പിറ്റലിസ്റ്റാണ് യുണികോൺ സ്റ്റാർട്ടപ്പ് എന്ന പദം ആദ്യമായി അവതരിപ്പിച്ചത്. ആ സമയത്ത് ലോകത്ത് ആകെ 39 കമ്പനികളാണ് യുണികോൺ വിശേഷണത്തിന് അർഹമായിട്ടുണ്ടായിരുന്നത്. 2017ൽ 57 സ്റ്റാർട്ടപ്പുകളാണ് യുണികോൺ പട്ടികയിൽ ചേർത്തപ്പെട്ടത്. ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഉബർ ആണ് ഏറ്റവും വലിയ യുണികോൺ സ്റ്റാർട്ടപ്പ്. മൂല്യം 70 ബില്ല്യൺ ഡോളർ. രണ്ടാം സ്ഥാനത്തുള്ളത് ചൈനയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ദിദി ചക്ഷിംഗ് ആണ്. മൂല്യം 56 ബില്ല്യൺ ഡോളർ.
10 യുണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്.
പേമെന്റ് സർവീസായ പേടിഎം, ആപ്പ് അധിഷ്ഠിത സംരംഭം ഒല, മൊബീൽ അഡ്വർടൈസിംഗ് സ്റ്റാർട്ടപ്പായ ഇൻമൊബി, സൊമാറ്റോ, മുസിഗ്മ, ക്വിക്കർ, ഷോപ്പ്ക്ലൂസ്, ഹൈക്ക്, സ്‌നാപ്ഡീൽ എന്നീ സംരംഭങ്ങളാണ് ഇന്ത്യയിൽ നിന്നും യുണികോൺ പട്ടികയിലിടം നേടിയത്.
സംയോജനം, രജിസ്ട്രേഷൻ, പരാതി, കൈകാര്യം ചെയ്യൽ തുടങ്ങിയവ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഹബുകൾ സർക്കാർ സജ്ജമാക്കി. ഓൺലൈൻ പോർട്ടലിൽ, സർക്കാർ തടസ്സരഹിതമായ രജിസ്ട്രേഷൻ സംവിധാനം സജ്ജമാക്കി . അതിനാൽ നിങ്ങൾക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും
സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യാൻ കഴിയും. സ്റ്റാർട്ടപ്പുകളെ പ്രചോദിപ്പിക്കുന്നതിനായി സർക്കാറും ധനസഹായം നൽകുന്നുണ്ട്. ഉയർന്ന പണമടയ്ക്കൽ, വലിയ പ്രോജക്ടുകൾ എന്നിവ വരുമ്പോൾ എല്ലാവരും സർക്കാർ ടെണ്ടർ ആഗ്രഹിക്കുന്നു. സർക്കാർ പിന്തുണ നേടുന്നത് എളുപ്പമല്ല, പക്ഷേ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീം പ്രകാരം സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ എളുപ്പത്തിൽ ലഭിക്കുന്നതിന് മുൻ‌ഗണന ലഭിക്കും. അവർക്ക് മുൻ പരിചയം ആവശ്യമില്ല എന്നതാണ് പ്രത്യേകത.
സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുന്നതിന്റെ ആനുകൂല്യങ്ങളും ലഭിക്കും.
സ്റ്റാർട്ട് അപ്പ് തുടങ്ങാൻ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ചുവടെ.
⚡കമ്പനി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ പരിമിതമായ ബാധ്യതാ കമ്പനി രൂപീകരിക്കണം.
⚡വ്യാവസായിക നയ, പ്രമോഷൻ വകുപ്പിൽ നിന്ന് സ്ഥാപനത്തിന് അനുമതി ലഭിക്കണം. ⚡ഓർഗനൈസേഷന് ഒരു ഇൻകുബേഷൻ മുഖേന ഒരു ശുപാർശ കത്ത് ഉണ്ടായിരിക്കണം. ⚡കമ്പനിക്ക് നൂതന ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കണം.
⚡കമ്പനി പുതിയതായിരിക്കണം .പക്ഷേ അഞ്ച് വർഷത്തിൽ കൂടുതൽ പഴയതായിരിക്കരുത്.
സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീമിനായി ഓൺലൈനിൽ  അപേക്ഷിക്കാം. നിങ്ങളുടെ കമ്പനിയുടെ പേര്, സ്ഥാപനം, രജിസ്ട്രേഷൻ തീയതി ,പാൻ വിശദാംശങ്ങൾ, വിലാസം, പിൻകോഡ്, സംസ്ഥാനം , അംഗീകൃത പ്രതിനിധി, ഡയറക്ടർമാർ, പങ്കാളികൾ എന്നി വിശദാംശങ്ങൾ അതിൽ ചേർക്കണം. അവശ്യ രേഖകളും , സ്വയം സർട്ടിഫിക്കേഷനും അപ്‌ലോഡുചെയ്യുക.
 സ്റ്റാർട്ടപ്പ് ഇന്ത്യാ ഹബ് എന്നത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികൾക്കും പരസ്പരം ഇടപഴകുന്നതിനും  ,അറിവ് കൈമാറ്റം ചെയ്യുന്നതിനും , വളരെ ചലനാത്മകമായ അന്തരീക്ഷത്തിൽ വിജയകരമായ പങ്കാളിത്തം രൂപീകരിക്കുന്നതിനുമുള്ള ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ്.ഇന്ത്യയിൽ കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത ഓഫീസെങ്കിലും ഉള്ള ഏതൊരു സ്ഥാപനത്തെയും ലൊക്കേഷൻ മുൻഗണനകളായി ഹബ്ബിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.

Back to top button
error: