KeralaNEWS

തന്നെ ആരും സഹായിച്ചില്ല;കലാപത്തിന്റെ പോസ്റ്റര്‍ ബോയ് ആകേണ്ടി വന്നതിൽ ദുഃഖമുണ്ട്: അശോക് പരമാർ

രുമ്ബു ദണ്ഡുമേന്തി ഗുജറാത്ത്  കലാപത്തെരുവില്‍നിന്ന് ആക്രോശിക്കുമ്ബോള്‍ 29 വയസ്സായിരുന്നു അശോക് പരമാറിന് പ്രായം.കലാപത്തിന് ആഹ്വാനം ചെയ്തവരും ചുക്കാന്‍ പിടിച്ചവരുമെല്ലാം ചോരയില്‍ ചവിട്ടി അധികാരത്തിന്റെ പടി കയറിപ്പോയപ്പോള്‍ ഈ ദലിതന്റെ ജീവിതത്തിന് മാത്രം മാറ്റങ്ങളൊന്നുമുണ്ടായില്ല.കേസിൽ അകപ്പെട്ട് ദീർഘനാൾ കോടതി കയറിയിറങ്ങിയതൊഴികെ.വീടില്ല, വീട്ടുകാരില്ല.അടുത്തുള്ളൊരു സ്കൂളിലാണ് രാപാര്‍പ്പ്.ചെരിപ്പ് നന്നാക്കി കിട്ടുന്ന പണം കൊണ്ട് അന്നന്നത്തേക്കുള്ള അന്നം കഴിച്ചുപോകുന്നു.
ദലിതനും ദരിദ്രനുമാണെന്നതിനു പുറമെ കലാപത്തിന്റെ മുഖം കൂടിയായതോടെ വിവാഹം പോലും അസാധ്യമായി.അന്നു സംഭവിച്ചതിന്റെ പേരില്‍ ഖേദമൊന്നുമില്ല.എന്നാല്‍ അക്രമത്തിന്റെ പ്രതീകമായി കാണുന്നുവെന്നതില്‍ വിഷമമുണ്ടെന്ന് അശോക് പരമാർ പറഞ്ഞു.മാധ്യമങ്ങള്‍ ചിത്രീകരിച്ചതുപോലെ താന്‍ ഏതെങ്കിലും ഹിന്ദുത്വ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും അവരാരും ഇന്നേവരെ തന്നെ സഹായിച്ചിട്ടില്ലെന്നും അശോക് പറയുന്നു.
കലാപ ദൃശ്യങ്ങള്‍ പകര്‍ത്താനും റിപ്പോര്‍ട്ട് ചെയ്യാനും വന്ന പത്രക്കാര്‍ അഭിപ്രായങ്ങള്‍ തിരക്കിയപ്പോള്‍ ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടതിലുള്ള സാധാരണ ഹിന്ദുവിന്റെ ക്രോധമാണിതെന്നാണ് പറഞ്ഞത്.വി.എച്ച്‌.പി സ്ഥാപിച്ച ഒരു കമാനത്തിനുമുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയില്‍പെട്ട ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍ ആവശ്യപ്പെട്ടതുപ്രകാരം പോസ് ചെയ്യുകയായിരുന്നു.
എന്നാല്‍, ഈ ചിത്രം കാരണം കേസും അറസ്റ്റുമുണ്ടായി, പക്ഷേ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.ഗുജറാത്ത് വംശഹത്യക്ക് ഇരുപതാണ്ട് പിന്നിടുമ്ബോഴും ആരോടും പരാതിയില്ലാതെ ഷാപുരിലെ വഴിയോരത്തിരുന്ന് ചെരിപ്പുകളുടെ കേടുപാട് തീര്‍ക്കുകയാണ് കലാപത്തിന്റെ പോസ്റ്റര്‍ ബോയ് ആയിരുന്ന അശോക് പരമാര്‍.

Back to top button
error: