KeralaNEWS

രാമക്കല്‍മേട്ടില്‍ കാട്ടുതീ;വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

നെടുങ്കണ്ടം :  പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി ശില്‍പത്തിന് സമീപം തീപിടിത്തം.തമിഴ്നാട് വനമേഖലയിലുണ്ടായ കാട്ടുതീ പടര്‍ന്ന് കയറിയതാണ് കാരണം.
തീപിടുത്തമുണ്ടായ സമയത്ത് രാമക്കല്‍മേടില്‍ ഇരുന്നൂറിലധികം വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഡിടിപിസിയും ഫയര്‍ഫോഴ്‌സും സഞ്ചാരികളെ നിയന്ത്രിച്ചതിനാല്‍ അപകടമൊഴിവായി.
ശില്‍പത്തിന് 200 മീറ്റര്‍ അടുത്തുവരെ എത്തിയ കാട്ടുതീ നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട് വനമേഖലയിലുണ്ടായ കാട്ട് തീയാണ് രാമക്കല്‍മേട് മല നിരകളിലേക്ക് വ്യാപിച്ചത്. തമിഴ്‌നാടിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരമേഖല എന്ന് പ്രത്യേകതയും രാമക്കല്‍മേടിനുണ്ട്.
 ചെങ്കുത്തായ മലനിരകളും, കാറ്റും, ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മേഖലയൊന്നാകെ പുകപടലം വ്യാപിച്ചതോടെ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി.വളരെ നേരത്തെ പ്രയത്‌നം കൊണ്ടാണ്
തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അനില്‍കുമാര്‍, അനന്തു, അശ്വതി, ജീപ്പ് ഡ്രൈവര്‍മാരായ യൂനസ്, നൗഷാദ്, സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫിസര്‍ അജി ഖാന്‍, ഉദ്യോഗസ്ഥരായ സണ്ണി വര്‍ഗീസ്, അതുല്‍, പ്രശോഭ്, ജിബിന്‍, മാത്തുക്കുട്ടി, രാഹുല്‍ രാജ്, റെജിമോന്‍ എന്നിവരടങ്ങിയ സംഘമാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

Back to top button
error: