FeatureLIFE

സേറ, ടെസ്സ, സമീറ, പല്ലവി..

മാർച്ച്‌ 8 സ്ത്രീ ദിനമാണ്. അന്ന് മാത്രമല്ല സ്ത്രീക്ക് പ്രാധാന്യം ലഭിക്കേണ്ടത്. നമ്മുടെ മലയാള സിനിമയിൽ എക്കാലവും മിഴിവേറി നിൽക്കുന്ന കുറെ സ്ത്രീ കഥാപാത്രങ്ങളിൽ നാല് പേരെയാണ് ഇവിടെ കുറിക്കുന്നത്. മലയാളത്തിലെ നാല് പ്രിയപ്പെട്ട കഥാപാത്രങ്ങൾ, സേറ, ടെസ്സ, സമീറ, പല്ലവി. നാലും ചെയ്തത് പാർവതി തിരുവോത്തും.

 

 

കാലിന് ബുദ്ധിമുട്ടുള്ള എന്നാൽ, ആത്മവിശ്വാസത്തിന് തീരെ കുറവില്ലാത്ത കഥപത്രമാണ് ബാംഗ്ലൂർ ഡെയ്‌സിലെ സേറ. ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സേറ ചിത്രത്തിൽ ആത്മവിശ്വാസം തീരെയില്ലാത്ത അജുവിന് കൂട്ട് പോകുന്നുണ്ട്. അവൾ അവൾക്കും ചുറ്റുമുള്ളവർക്കും അജുവിനും ഒക്കെ ഒരു സ്നേഹത്തിന്റെ കുട നിവർത്തുന്നു. ഏകാന്തതയുടെ മഴ നനയുന്ന അജുവാകട്ടെ അവൾക്കൊപ്പം നടക്കുന്നു.

 


ചാർളി എന്ന സിനിമയിലെ ടെസ്സക്ക് കുറച്ച് ആവേശം കൂടുതലാണ് എന്ന് പറയാം. സാധാരണ സ്ത്രീ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രമാണ് ടെസ്സ. അവൾ ധാരാളം യാത്ര ചെയ്യുന്നു. സ്വന്തം ജീവിതം ആസ്വദിക്കുന്നു. ആരും കൊണ്ട് വന്നു തരുന്ന സ്വാതന്ത്രത്തിൽ അവൾ വിശ്വസിക്കുന്നില്ല. ഫ്രീഡം ടെസ്സ നന്നായി ഉപയോഗിക്കുന്നുണ്ട്. ജിന്ന് പോലെ തോന്നിക്കുന്ന, കാറ്റ് പോലെ ആർക്കും പിടികൊടുക്കാത്ത ചാർളിയെ തപ്പിയാണ് ടെസ്സയുടെ നടപ്പ്. അയാളകട്ടെ ജീവിച്ചിരിപ്പുണ്ടോ എന്നതിന് പോലും രേഖയില്ല, എന്ന് എവിടെ വരും എന്ന് അയാൾക്ക് പോലും അറിയില്ല. ടെസ്സയെ കണ്ട് കഴിഞ്ഞാൽ ഏതൊരു പെണ്ണിനും തോന്നും പേരറിയാത്ത ഏതെങ്കിലും നാട്ടിലേക്ക് ഒരു യാത്ര പോകാൻ.

 

സാധാരണ ഒരു കുടുംബത്തിലെ പെൺകുട്ടി, നഴ്സിംഗ് പഠിച്ചു, പുറത്ത് പോയി ജോലി നോക്കി ഒരു വീടിന് താങ്ങും തണലുമാകുന്നു. കടങ്ങൾ തീർക്കുന്നു. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇറാക്കിൽ നിന്നും കുറച്ച് നഴ്സമാർക്ക് ഒന്നുമില്ലാതെ തിരിച്ചു വരേണ്ടി വന്നു. യുദ്ധം നടക്കുന്നതാണ് കാരണം. യുദ്ധ ഭൂമിയിൽ നിന്നും ഇന്ത്യൻ മണ്ണിലെത്താൻ അന്നത്തെ നഴ്സമാർക്ക് കുറെ കഷ്ടപ്പെടേണ്ടി വന്നു.
ആ കഷ്ടപ്പാടിനെ ജീവിതത്തിന്റെ ചില പച്ചയായ യാഥാർഥ്യങ്ങളോട് ചേർത്ത് പറഞ്ഞ സിനിമയാണ് ടേക്ക് ഓഫ്‌. സിനിമയിൽ മുഴുവൻ സമീറയാണ്, അവരുടെ കൂടെയുള്ള നഴ്സമാരാണ്. വിവാഹം കഴിഞ്ഞ ഒരു മുസ്ലിം സ്ത്രീ ജോലിക്ക് പോകുന്നു എന്ന വിപ്ലവവും അവർ ചെയ്യുന്നു. ഒടുക്കം വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ. എന്ത് മനസാനിധ്യമാണ് സമീറക്ക്.

പല്ലവി വളരെ ഉയരെ സ്വപ്നം കാണുന്ന കുട്ടിയാണ്. പൈലറ്റ് ആകണമെന്ന അവളുടെ ആഗ്രഹത്തിന് അവളുടെ അച്ഛൻ നൽകുന്ന പ്രോത്സാഹനം എല്ലാ മാതാപിതാക്കളും കണ്ട് പഠിക്കേണ്ടതാണ്‌. ആസിഡ് അക്രമണമാണ് പല്ലവിയുടെ ജീവിതത്തെ തലകീഴായ് മറിക്കുന്നത്. ഗോവിന്ദ് എന്ന കാമുകനിൽ നിന്നും വിശാൽ എന്ന നല്ല സുഹൃത്തിലേക്ക് പല്ലവി ചെന്നെത്തുന്നുണ്ട്. ആകാശത്തു നിന്ന് ജോലി ചെയ്യാൻ മാത്രം താല്പര്യമുള്ള പല്ലവി സിനിമയുടെ ഒടുവിൽ ഒരു എയർ ഹോസ്റ്റസ് ആകുന്നു. അടിയന്തര ഘട്ടത്തിൽ ഒരു വിമാനത്തെ രക്ഷിക്കുന്നു.
ആസിഡ് ആക്രമണത്തിൽ നിന്നുമുള്ള അതിജീവനമാണ് സിനിമ ചർച്ച ചെയ്തത്. പല്ലവി രവീന്ദ്രനെ വളരെ മികവോടെയാണ് പാർവതി അവതരിപ്പിച്ചത്.

Back to top button
error: