KeralaNEWS

ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര, ജീവിതശൈലീ രോഗനിര്‍ണയ സ്‌ക്രീനിംഗ് എന്നിവയുമുണ്ടാകും.

ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുള്‍പ്പെടെയുള്ള ഇതര ലൈംഗിക വിഭാഗക്കാര്‍ക്ക് തുല്യമായ ആരോഗ്യ പരിഗണന ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ആശുപത്രികളാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Signature-ad

ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും. ഇതിനോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും വെബിനാറുകളും സാമൂഹിക മാധ്യമ ചര്‍ച്ചകളും നടത്തും. കൂടാതെ ചുവര്‍ചിത്ര സന്ദേശങ്ങളും, ബോര്‍ഡുകളും പോസ്റ്ററുകളൂം, റെയില്‍വേ സ്റ്റേഷന്‍, ബസുകള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ കൂടി പരസ്യ പ്രചാരണവും നടത്തും.

Back to top button
error: