കൊച്ചി: മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്വ്വ’ത്തില്‍ ദിലീഷ് പോത്തന് അവതരിപ്പിക്കുന്ന ടി.വി ജയിംസ് എംപി എന്ന കഥാപാത്രം കെ വി തോമസിനെ ഉദ്ദേശിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന് മകന് ബിജു തോമസ് ആരോപിക്കുന്നു. എന്നാൽ സിനിമ കണ്ടിട്ടില്ലെന്നും മക്കള്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.വി തോമസ് പറഞ്ഞു:
“മക്കള്‍ മുതിര്‍ന്ന വ്യക്തികളാണ്. അവര്‍ അവരുടെ അഭിപ്രായമാണ് പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. ഇത്തരം ഒരുപാട് വേട്ടയാടലുകള്‍ക്ക് ഞാന്‍ ഇരയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊന്നും എന്നെ ബാധിക്കില്ല…”
കെ.വി തോമസ് അറിയിച്ചു.
സിനിമയിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ടി.വി ജയിംസ് എം.പി എന്ന കഥാപാത്രം മുൻകേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന കെ.വി തോമസിൻ്റെ ഫോട്ടോസ്റ്റാറ്റാണ് എന്നാണ് ആരോപണം. കൊച്ചിയിൽ നിന്ന് അദ്ദേഹം തിരുതമത്സ്യം കൊണ്ടുപോയി ഡൽഹിയിൽ പല ഉന്നതർക്കും സമ്മാനിച്ചിരുന്നു എന്നൊരു ഗോസിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ചായക്കുട്ടുകൾ ധാരാളം ചേർത്താണ് ടി.വി ജയിംസ് എം.പിയെ സൃഷ്ടിച്ചിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്
കെ.വി തോമസിൻ്റെ മകൻ ബിജു തോമസ് ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിനു പ്രസക്തിയേറുന്നത്.
“ഭീഷ്മപര്‍വ്വം കണ്ടു. സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായവും വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. ദിലീഷ് പോത്തന് അഭിനയിച്ച ടി.വി ജയിംസ്. എണ്‍പതുകളിലെ എംപി, മൂന്ന് പ്രാവശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയില്‍ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്പളങ്ങിയില്‍ നിന്നു ഡല്‍ഹിയില്‍ കൊണ്ടുക്കൊടുത്ത് സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത. അമല്‍ നീരദ്, കഥാപാത്രത്തിന് കെ വി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല. കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ ചിലസുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത്.
ചാരക്കേസില്‍ തുടങ്ങി ഹവാല കേസ് വരെ, എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടുള്ള സഹായങ്ങള്‍. ‘ഭീഷ്മപര്വ്വ’ത്തിലുള്ള കഥാപാത്രം ന്യൂജെന്‍കാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതുതലമുറ.
ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. സിനിമയിലുള്ളതു പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകള്‍- കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും കൊച്ചിയില്‍ മെട്രോ വന്നതിലും വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിനു വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു. അല്ലാതെ ഇന്നത്തെ ചെക്കന്മാരെപ്പോലെ ജീന്‍സും ടീഷര്‍ട്ടും ഇട്ട്, ബസ് സ്റ്റോപ്പും കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ഥ്യം.
ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ ‘താമര വിരിയും’ എന്നായിരുന്നു. പിന്നെ അത് ‘അരിവാള്‍ വെച്ച് മുറിക്കും’ എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷര്‍ട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.
ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇന്നും കെ വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.”