KeralaNEWS

2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റേത് ഉജ്ജ്വല പ്രകടനം;  സെമിയിൽ  എതിരാളി ജംഷഡ്പൂർ

ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്‌സി പോരാട്ടം
 
 
2021 നവംബർ പത്തൊൻപതിനായിരുന്നു എട്ടാം സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. സീസണിലെ ഉദ്ഘാടന മത്സരം കൂടിയായിരുന്നു അത്. പ്രാരംഭ മത്സരത്തിൽ ചിരവൈരികളായ എടികെ മോഹൻ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ്, പിന്നീട് കളിച്ച 2 മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു‌‌.എന്നാൽ ഒഡീഷക്കെതിരായ നാലാം മത്സരം മുതൽ ബ്ലാസ്റ്റേഴ്സിന്റെ കളി മാറി. ഒഡീഷയെ തകർത്ത ബ്ലാസ്റ്റേഴ്സ്, പിന്നാലെ മുംബൈയേയും, ചെന്നൈയിനേയും, ഹൈദരാബാദിനെയുമെല്ലാം മലത്തിയടിച്ചു.ഇടക്ക് ടീം ക്യാമ്പിൽ വന്ന കൊവിഡ് തളർത്തിയില്ലായിരുന്നെങ്കിൽ ഇതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിച്ചേനേ. ഒരു മത്സരം ബാക്കി നിൽക്കെ 19 മത്സരങ്ങളിൽ 9 വിജയവും, 6 സമനിലകളുമുൾപ്പെടെ 33 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്ലേ ഓഫിലെത്തിയിരിക്കുന്നത്.ഇന്ന് ഗോവയുമായാണ് ലീഗിലെ അവരുടെ അവസാന മത്സരം.ഇന്ന് ജയിച്ചാൽ 36 പോയിന്റാകുമെങ്കിലും ജംഷഡ്പൂരിനും ഹൈദരാബാദിനും മോഹൻ ബഗാനും പിന്നിൽ നാലാമതായിരിക്കും അവരുടെ സ്ഥാനം.ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരുമായുമാണ് സെമിയിൽ അവർക്ക് ഏറ്റുമുട്ടേണ്ടി വരിക
കേരള ബ്ലാസ്റ്റേഴ്സ് ഇതിന് മുൻപ് ഐ എസ് എൽ പ്ലേ ഓഫിലെത്തിയത് 2016 ലായിരുന്നു. സ്റ്റീവ് കോപ്പൽ ടീമിന്റെ പരിശീലകനായിരുന്ന ആ സീസണിലും ഉജ്ജ്വല പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റേത്.എട്ട് ടീമുകൾ മാത്രമുണ്ടായിരുന്ന ആ സീസണിൽ ലീഗ് ഘട്ടത്തിൽ രണ്ടാമതായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.14 ലീഗ് മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങളും, 4 സമനിലകളുമുൾപ്പെടെ 22 പോയിന്റ് നേടി ആധികാരികമായി‌ പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ്, സെമിഫൈനലിൽ ഇരു പാദങ്ങളിലുമായി ഡെൽഹി ഡൈനാമോസിനെ കീഴടക്കി ഫൈനലിലെത്തുകയായിരുന്നു. എന്നാൽ എടികെക്കെതിരെ കൊച്ചിയിൽ വെച്ചു നടന്ന കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ടീമിന് കാലിടറുകയായിരുന്നു.
എട്ട് സീസണുകളായ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് മൂന്നാം തവണയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സെമി‌ഫൈനലിൽ പ്രവേശിക്കുന്നത്. 2014 ലെ ആദ്യ സീസണിലും, 2016 ലെ മൂന്നാം സീസണിലും ഇതിന് മുൻപ് പ്ലേ ഓഫിലെത്തിയ ടീം, രണ്ട് തവണയും ഫൈനലിലുമെത്തിയിരുന്നു‌.പക്ഷെ കിരീടം എന്ന സ്വപ്നം ഇന്നും സ്വപ്നമായി തന്നെ തുടരുന്നു.

Back to top button
error: