വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് ഇന്നലെ106 രൂപ 50 പൈസ വില വർദ്ധിച്ചു. കൊച്ചിയിലെ വില 2009 രൂപയായി.
പാചക വാതക സിലിണ്ടറിന് പ്രതിദിനം വില കൂടിക്കൊണ്ടിരിക്കുന്നു. താങ്ങാനാവാത്ത വിലവർദ്ധനവും രൂക്ഷമായ പാചകവാതക ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ പാചകത്തിന് ഒരു ബദൽ സംവിധാനം കൂടി നാം ആലോചിക്കണം.
ഇലക്ട്രിക് പ്ലേറ്റ്, ഇലക്ട്രിക് കെറ്റിൽ, ഇലക്ട്രിക് പ്രഷർകുക്കർ, ഇലക്ട്രിക് ഓവൻ, മൈക്രോവേവ് ഓവൻ, സ്ലോ കുക്കറുകൾ, എയർ ഫ്രയർ തുടങ്ങി വിവിധ ഇലക്ട്രിക് ഉപകരണങ്ങൾ പാചകത്തിനായി ഉപയോഗിക്കാറുണ്ട്.
പക്ഷേ ഇൻഡക്ഷൻ കുക്കറുകൾ ആണ് മിക്ക വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത്.
എന്നാൽ വൈദ്യുതി ചാർജ് കൂടും എന്ന കാരണത്താൽ പലരും പാചകവാതകയാണ് ഇപ്പോഴും പൂർണമായി ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് പുതുക്കിയ വില 910 രൂപയാണെങ്കിലും പലപ്പോഴും വീട്ടുമുറ്റത്ത് വരുമ്പോൾ 1000 രൂപയാകും.
പാചകവാതകവും വൈദ്യുതിയും ഉപയോഗിച്ചുള്ള പാചകം താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഊർജ്ജം വൈദ്യുതിയാണ്. പക്ഷേ വളരെ ആസൂത്രണം ചെയ്ത് ഇൻഡക്ഷൻ കുക്കറും പാചകവാതകവും ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ അധികം സാമ്പത്തികനഷ്ടം വരാതെ നോക്കാനാവും.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പുകളാണ് ഇൻഡക്ഷൻ കുക്കർ.
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കുക്കറിൻ്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തേക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്.
പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിനുശേഷം ഇൻഡക്ഷൻ കുക്കറിൻ്റെ പവർ കുറയ്ക്കാവുന്നതാണ്.
ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് മുഴുവൻ പാചകവും ചെയ്യുമ്പോൾ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കൂടും. അതിനാൽ വൈദ്യുതി ഉപഭോഗം നോക്കി, അതിനനുസരിച്ച് ഇൻഡക്ഷൻ കുക്കറും എൽ.പി.ജി ഗ്യാസും കൂടി ഉപയോഗിക്കുന്നതാണ് നല്ലത്.
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ അതിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്.
1. വളരെ പെട്ടെന്ന് ചൂടാകുന്നു.
2. കരി ഇല്ലാത്തതിനാൽ പാത്രങ്ങൾ കഴുകാൻ എളുപ്പമാണ്.
3. യാതൊരുവിധ രാസപ്രവർത്തനവും ഉണ്ടാകുന്നില്ല എന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാകുന്നു.
4. പച്ചക്കറികളും മറ്റും പോഷകാംശങ്ങൾ നഷ്ടമാവാതെ വേവിച്ചേടുക്കാം.
5. മറ്റുള്ള അടുപ്പുകളേക്കാൾ അപകട സാധ്യത കുറവായതിനാൽ എവിടെ വച്ചും സുരക്ഷിതമായി ഭക്ഷണം പാചകം ചെയ്യാം.
6. പുകയോ ചൂടോ സഹിക്കാതെ തന്നെ പാചകം ചെയ്യാവുന്ന കൊണ്ട് പാചകം ചെയ്യുന്ന ആളിൻ്റെ ആരോഗ്യം കൂടി സംരക്ഷിക്കാനാവും.
7. തീയില്ലാത്തതിനാൽ അപകട രഹിതമാണ്.
8. കുക്കളുടെ മേൽഭാഗം വൃത്തിയായിരിക്കും. ചൂട് കൂട്ടാനും കുറയ്ക്കാനും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ചൂട് ക്രമീകരിക്കാൻ എളുപ്പമാണ്.