ഹേഗ്: റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് അടിയന്തര പ്രത്യേക സമ്മേളനം ആരംഭിച്ചു. ചര്‍ച്ച ആരംഭിക്കണമെന്നും എല്ലാകക്ഷികളും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നയതന്ത്രവും ചര്‍ച്ചകളുമാണ് പുലരേണ്ടതെന്നും യു.എന്‍. സമ്മേളനം പറഞ്ഞു. പൗരന്മാരുടെ മരണത്തിലാണ് സംഘര്‍ഷങ്ങള്‍ കലാശിക്കുന്നത്. പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങിപ്പോകണമെന്നും പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തില്‍ പറഞ്ഞു.
യുക്രൈന് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അതല്ല പരിഹാരം. സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ശാശ്വതമായ പരിഹരമുണ്ടാവു. യു.എന്നിന്റെ സഹായം രാജ്യത്തിന് ഉണ്ടാവും. നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എന്നിന്റെ പിറവിക്ക് ശേഷം യൂറോപ്പില്‍ ഇത്തരമൊരു സമ്പൂര്‍ണ യുദ്ധം നടക്കുന്നത് ഇതാദ്യമായാണ്. ഇന്നത്തെ കണക്കനുസരിച്ച് 16 കുട്ടികളടക്കം 352 പേരെ
യുക്രൈനിന് നഷ്ടമായി. ഈ സംഖ്യ ഇനിയും കൂടുമെന്ന് യു.എന്നിലെ യുക്രൈന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1000 പേര്‍ ഇതിനകം മരിച്ചു. യുക്രൈനെതിരായ ഈ ആക്രമണം അവസാനിപ്പിക്കണം. നിരുപാധികം സൈന്യത്തെ പിന്‍വലിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാനും റഷ്യയോട് ആവശ്യപ്പെടുന്നുവെന്നും യുക്രൈന്‍ അംബാസഡര്‍ സര്‍ജി കില്‍റ്റ്സ്യ പറഞ്ഞു.
അതേസമയം യുക്രൈന്‍ പിടിച്ചെടുക്കാന്‍ മോസ്‌കോയ്ക്ക് പദ്ധതിയില്ലെന്നാണ് യു.എന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സ്യ പറഞ്ഞത്. നാറ്റോയില്‍ ചേരാന്‍ യുക്രൈനും ജോര്‍ജിയയും കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. നാറ്റോയില്‍ ചേരുന്നതിലൂടെ അവരുടെ(അമേരിക്ക) ഉദ്ദേശം റഷ്യ വിരുദ്ധ യുക്രൈനെ സൃഷ്ടിക്കുകയായിരുന്നു. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നത് ഒരു അപകട സൂചനയാണ്. അതാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ റഷ്യയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.