തിരുവനന്തപുരം: ദിവസവും കടലിൽ മീൻപിടിക്കാൻ പോയ ഒരു കാലമുണ്ടായിരുന്നു ആലപ്പുഴയിൽ നിന്നും ഇന്ന് വിരമിക്കുന്ന കളക്ടർ എ അലക്സാണ്ടർക്ക്.അച്ഛൻ ആന്റണി കടലിൽപ്പോയി മീൻപിടിച്ചും അമ്മ മറിയപുഷ്പം മീൻവിറ്റും നേടുന്ന പണം പാറശ്ശാല കൊല്ലങ്കോടു തീരത്തുള്ള പുറമ്പോക്കിലെ ആ കുടിലിലെ എട്ടംഗങ്ങളുടെ വയറുനിറയ്ക്കാൻ തികയുമായിരുന്നില്ല.അങ്ങനെ സ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ അലക്സാണ്ടറും മീൻപിടിക്കാൻ പോയിത്തുടങ്ങി.ആദ്യം അച്ഛൻ ആന്റണിക്കൊപ്പമായിരുന്നു യാത്ര. പിന്നെ മറ്റുള്ളവരോടൊപ്പവും വള്ളങ്ങളിൽ പോയിത്തുടങ്ങി.അഭിമാനത്തോടെ ഏതുജോലിയും ചെയ്യാൻ കുട്ടിക്കാലത്തുതന്നെ കാണിച്ച ആ ഉത്സാഹമാണ് സിവിൽ സർവീസ് എന്ന ഉന്നതപദവിയിലേക്ക് തുഴഞ്ഞുകയറാൻ പിന്നീട് അലക്സാണ്ടർക്കു കരുത്തായത്.
കൊല്ലങ്കോട് ഗവ. എച്ച്. എസ്. എസിലെ പഠനത്തിനുശേഷം ലയോള കോളേജിൽനിന്നു ബിരുദം.പിന്നീട് അവിടെനിന്നുതന്നെ എം. എസ്. ഡബ്ല്യു.അപ്പോഴും മീൻപിടിത്തം തുടർന്നു.1990-ൽ അസിസ്റ്റന്റ് ലേബർ ഓഫീസറായി സർക്കാർ നിയമനം ലഭിച്ചു.2014-ൽ അഡീഷണൽ ലേബർ കമ്മിഷണറും 2018-ൽ ലേബർ കമ്മിഷണറുമായി.2019-ലാണ് ഐഎഎസ് ലഭിച്ചത്.സബ് കളക്ടറായി ആദ്യ നിയമനം.ആലപ്പുഴ ജില്ലയുടെ 52ാമത്തെ കളക്ടറായി 2020 ജൂണ്‍ മാസത്തിലാണ് അലക്‌സാണ്ടര്‍ ചുമതലയേറ്റത്.
ഒടുവിൽ സംസ്ഥാനത്തെ മികച്ച കളക്ടർ എന്ന അംഗീകാരവും നേടിയാണ് ഭാര്യ ടെൽമയും മക്കളായ ടോമിയും ആഷ്മിയുമടങ്ങുന്ന കുടുംബത്തിനൊപ്പം തിരക്കുകളില്ലാത്ത ജീവിതത്തിലേക്ക് അലക്സാണ്ടർ മടങ്ങുന്നത്.