ഈരാറ്റുപേട്ട- വാഗമൺ – പീരുമേട് റോഡ് നിർമ്മാണം നേരിട്ട് നിരീക്ഷിക്കും: മന്ത്രി മുഹമ്മദ് റിയാസ്
പാലാ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയിലേക്കുള്ള റോഡ് എന്ന നിലയിൽ ഈരാറ്റുപേട്ട- വാഗമൺ – പീരുമേട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ നേരിട്ട് നിരീക്ഷിക്കുമെന്ന് പൊതു മരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഈരാറ്റുപേട്ട നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയുടെ ഉണർവ് സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും.
പൊതു മരാമത്ത് വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ക്രിയാത്മകമായ നിർദേശങ്ങൾ നൽകാനും സൃഷ്ടിപരമായ വിമർശനങ്ങൾ ഉയർത്താനും ജനങ്ങൾക്ക് അവകാശമുണ്ട്. ഫോണിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും
ഉപയോഗിക്കാനാകുന്ന പുതു സംവിധാനം ഉടൻ നിലവിൽ വരും. ഇതിലൂടെ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഗുണമേൻമയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
19 .90 കോടി രൂപ മുതൽ മുടക്കിൽ ബിഎം ആന്റ് ബിസി നിലവാരത്തിലാണ് ഈരാറ്റുപേട്ട-വാഗമൺ-പീരുമേട് സംസ്ഥാന പാത നവീകരിക്കുന്നത്.
ചടങ്ങിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ അധ്യക്ഷനായി. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയർ എസ്. സുധ, എക്‌സിക്യൂട്ടീവ് എൻജിനിയർ പി. ശ്രീലേഖ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, വി.കെ. സന്തോഷ് കുമാർ, എം.കെ. തോമസ് കുട്ടി മുതുപുന്നയ്ക്കൽ, കെ.എ. മുഹമ്മദ് ഹാഷിം, റഫീഖ് പട്ടരുപറമ്പിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, മജു പുളിയ്ക്കൻ, അക്ബർ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അബ്ദുൾ റൗഫ് എന്നിവർ പങ്കെടുത്തു.