NEWSWorld

യുദ്ധം തുടങ്ങി, ഇന്ത്യൻ ഓഹരി വിപണി തകർന്നു; സ്വര്‍ണവില പറക്കുന്നു. എണ്ണവില കുതിച്ചുയരുന്നു

റ്റ രാത്രി കൊണ്ട് കേരളത്തിൽ സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപ. ഇതോടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നത്.

ഈ വര്‍ഷം ജനുവരി ആദ്യം മുതൽ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.

ഓഹരി വിപണി

റഷ്യ–യുക്രെയ്ൻ യുദ്ധഭീതിയിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ തകർച്ച ഞെട്ടിക്കുന്നതാണ്. യുദ്ധഭയത്തിൽ വിപണികളിൽനിന്നു വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻമാറുന്നു. യുദ്ധഭീതിയിൽ ആഗോള ഓഹരി വിപണികളിലെല്ലാം വലിയ വിൽപനാ സമ്മർദവും നേരിടുന്നുണ്ട്.

സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ലോകരാജ്യങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ലോകത്തിലെ ഏത് കോണിലെയും പ്രശ്നങ്ങൾ ഓഹരി വിപണികളെ ആകെ ബാധിക്കുന്നത് അതുകൊണ്ടാണ്. യുദ്ധസമാന സാഹചര്യങ്ങളോ മറ്റു തരത്തിലുള്ള കടുത്ത രാഷ്ട്രീയ സമ്മർദങ്ങളോ ഉണ്ടാകുമ്പോൾ വിപണികളിൽ നിന്ന് കൂട്ടമായി നിക്ഷേപം പിൻവലിക്കാനുണ്ട്.

എന്നാൽ ഇത്തരം കൂട്ട ഓഹരി വിൽപനയിൽ നഷ്ടം സംഭവിക്കുന്നത് പലപ്പോഴും ആഭ്യന്തര നിക്ഷേപകർക്കാണ്. വൻതോതിൽ വിദേശ നിക്ഷേപകർ ഓഹരികൾ വിൽക്കുമ്പോൾ കമ്പനികളുടെ ഓഹരി വിലയിലുണ്ടാകുന്നത് കനത്ത കുറവാണ്. പലപ്പോഴും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്കോ ബോണ്ടുകളിലേക്കോ ആകും വൻകിട നിക്ഷേപകർ ചുവടുമാറ്റുക. യുദ്ധഭീതിയോ മറ്റു രാജ്യാന്തര പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ സ്വർണവില പെട്ടെന്ന് ഉയരുന്നതിന്റെ കാരണമിതാണ്.
61,000 പോയിന്റ് തൊട്ട ബോംബെ ഓഹരി വിപണി സൂചികയായ സെൻസെക്സ് 57,000 പോയിന്റിന്റെ പരിസരത്തേക്ക് ഇടഞ്ഞതിന്റെ പ്രധാനകാരണം യുക്രെയ്ൻ അതിർത്തിയിലെ പ്രശ്നങ്ങളാണ്.
ഈ വർഷം ഇതുവരെ (ചൊവ്വാഴ്ച വരെ) വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു പിൻവലിച്ചത് 51,703 കോടി രൂപയാണ്. യുദ്ധമുണ്ടായാൽ റഷ്യയ്ക്കുമേൽ ശക്തമായ ഉപരോധമേർപ്പെടുത്തുമെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഈ യുദ്ധം വ്യാപാരയുദ്ധത്തിലേക്കും നയിച്ചേക്കും.

കുതിച്ചുയരുന്ന എണ്ണവില

യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയിൽ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്.

ആഗോള എണ്ണ ഉത്പാദകരിൽ നിർണായക സ്ഥാനമാണ് റഷ്യക്കുള്ളത്. യുക്രൈൻ കേന്ദ്രീകരിച്ച് ദീർഘകാലം യുദ്ധം തുടർന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്.

Back to top button
error: