KeralaNEWS

നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ദിനത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം

നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ദിനത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവച്ചത്. വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന, കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച ആവശ്യപെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യം എന്നുള്‍പ്പെടെ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസിന് തന്നെ അനുമതി നിഷേധിച്ച സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കിയതോടെയാണ് അംഗങ്ങള്‍ മടങ്ങിയത്. പിന്നാലെ സര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് ഭയമെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിഡി സതീശന്റെ പ്രസംഗത്തിന് ശേഷവും സ്പീക്കര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതോടെ മുദ്രാവാക്യവുമായി അംഗങ്ങള്‍ വീണ്ടും നടുത്തളത്തില്‍ ഇറങ്ങി. ചെയറിനെ മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം നടത്തിയതോടെ സ്പീക്കര്‍ എംബി രാജേഷും രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രൂക്ഷമായി വിമര്‍ശിച്ച രോഷത്തോടെ സ്പീക്കര്‍ സഭ വിട്ടു.

 

Back to top button
error: