KeralaNEWS

കാല്‍ മുട്ട് വേദനയും, മുട്ട് മാറ്റി വയ്ക്കലും

നുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്.എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല്‍ മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്.

ആര്‍ത്രൈറ്റിസ് പലതരം

പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.സ്വന്തം പ്രതിരോധ ശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്. രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം.ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനത്തിന്റെ വേഗത കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗത കൂടുവാന്‍ കാരണമാകാറുണ്ട്.

രോഗ നിര്‍ണ്ണയം

ആര്‍ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്‍കാന്‍.ഡോക്ടര്‍ നേരിട്ട് നടത്തുന്ന പരിശോധനകള്‍ കൂടാതെ എക്‌സ്റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമര്‍, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്‌ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.

ശസ്ത്രക്രിയ ഒഴിവാക്കാം

പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ കഠിനമായ പ്രശ്‌നങ്ങളും ശസ്ത്രക്രിയയും ഒഴിവാക്കാം.റുമറ്റോയ്ട് പോലെയുള്ള വാത രോഗങ്ങള്‍ തുടക്കത്തിലെ കണ്ടു പിടിക്കുകയാണെങ്കില്‍ മരുന്നുകളിലൂടെ തേയ്മാനം നിയന്ത്രിക്കുവാനാകും.ദീര്‍ഘനാള്‍ ചികിത്സ ആവശ്യമുള്ള ഈ അസുഖങ്ങള്‍ക്ക് കൃത്യമായ ഇടവേളയിലുള്ള രക്ത പരിശോധനകളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ അളവ് നിയന്ത്രിക്കുകയും വേണം.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പൊതുവെ വര്‍ദ്ധക്യത്തിലാണ് അനുഭവപ്പെടുന്നത്.എങ്കിലും നാല്പത് വയസ്സ് മുതല്‍ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളിലൂടെ(ഫിസിയോതെറാപ്പി) മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് തേയ്മാനത്തിന്റെ വേഗത കുറയ്ക്കുവാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതും പ്രയോജനപ്രദമാണ്.

ശസ്ത്രക്രിയ എപ്പോള്‍?

അസ്സഹനീയമായ മുട്ട് വേദന രോഗിയുടെ ദൈനം ദിന ജീവിതത്തെ ബാധിക്കും.യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്നതും വ്യായാമക്കുറവും മാനസികവും ശാരീരികവുമായ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകും. ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കുന്നതിനും നടക്കുന്നതിനും പടികള്‍ കയറുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും.തരുണാസ്ഥിയുടെ അളവ് കാര്യമായി കുറഞ്ഞ് എല്ലുകള്‍ ഉരസുന്ന സ്ഥിതിയിലാണ് ഇത് സംഭവിക്കുക.തേയ്മാനം സംഭവിച്ച സന്ധികളില്‍ മരുന്നുകളിലൂടെ തരുണാസ്ഥി പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായി വിജയം കണ്ടിട്ടില്ല.ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ആര്‍ത്രൈറ്റിസ് മൂലമുള്ള മുട്ട് വേദന വളരെ നാളായി അനുഭവപ്പെടുന്നവര്‍ക്ക് സ്വീകരിക്കാവുന്ന നല്ലൊരു പരിഹാരമാണ് സന്ധി മാറ്റി വയ്ക്കല്‍(Knee Replacement) ശസ്ത്രക്രിയ.സന്ധിയോട് ചേര്‍ന്നുള്ള എല്ലുകളുടെ അഗ്രഭാഗം ലോഹവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മാറ്റി വയ്ക്കുന്നത്.

(കാൽമുട്ടിന്റെ പ്രശ്നങ്ങൾക്ക് X-ray:Knee AP/Lat/Sky line view’s)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: