കെ. പി. എ. സി ലളിത അന്തരിച്ചു.
മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു.
കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്.
ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്.