KeralaNEWS

  ”കടബാധ്യത ആഷിഫിന്റെയല്ല, കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണമിറക്കി തകർന്ന് തരിപ്പണമായി…” കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചത് ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമെന്ന് ആബിറയുടെ സഹോദരന്‍ ആദില്‍

കൊടുങ്ങല്ലൂർ കൂട്ടമരണത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ. നാലംഗകുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥന്റെ കുടുംബക്കാർക്കെതിരേ ഗുരുതരആരോപണം.
മരിച്ച ആഷിഫിന്റെ സഹോദരങ്ങളുടെ സമ്മര്‍ദ്ദമാണ് കുടുംബത്തെ ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആഷിഫിന്റെ ഭാര്യ ആബിറയുടെ സഹോദരന്‍ ആദില്‍ ആരോപിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ആത്മഹത്യ ചെയ്തതാകുമെന്നും ആഷിഫിന്റെ സഹോദരങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നും ഭാര്യാസഹോദരന്‍ പ്രതികരിച്ചു.

കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവിലെ കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷ വാതകം ശ്വസിച്ച് നാലുപേരും ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. ഓണ്‍ലൈനില്‍ വാങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്താണ് വിഷവാതകം ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. മുറിയില്‍നിന്ന് ആഷിഫ് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വലിയ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.

അതേസമയം, ഈ സാമ്പത്തിക ബാധ്യതകളൊന്നും ആഷിഫ് ഉണ്ടാക്കിവെച്ചതല്ലെന്നാണ് ഭാര്യാസഹോദരനായ ആദിൽ പറയുന്നത്.
”ഇതൊന്നും അളിയന്‍ ഉണ്ടാക്കിവെച്ച ബാധ്യതകളല്ല. അളിയന്റെ ഉപ്പയും ഇളയ സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് സ്ഥലക്കച്ചവടം ചെയ്തുണ്ടായ ബാധ്യതയാണ്. ഉപ്പ മരിച്ചതിന് ശേഷമാണ് അളിയന്‍ ഈ ബാധ്യതകളെല്ലാം അറിയുന്നത്. മാസം ഒന്നരലക്ഷം രൂപ ആഷിഫിന് ശമ്പളമുണ്ട്. ആ പണമെല്ലാം ഈ ബാധ്യതകള്‍ തീര്‍ക്കാൻ അടച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ ബാധ്യതകളും ആഷിഫിന്റെ തലയിലായിരുന്നു. സഹോദരങ്ങളാരും ഏറ്റെടുക്കാനുണ്ടായില്ല. എല്ലാ ഭാരവും അളിയന്‍ തലയില്‍ ചുമന്നു. അബീറയ്ക്ക് ഇതെല്ലാം അറിയാമായിരുന്നെങ്കില്‍ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങള്‍ സ്ഥലം വിറ്റിട്ടാണെങ്കിലും പിള്ളേരെയും അവരെയും തിരിച്ചെടുത്തേനേ…”
ആദില്‍ പറഞ്ഞു.

ആഷിഫിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയല്‍ എസ്റ്റേറ്റില്‍ പണമിറക്കിയിരുന്നു. ഈ ബിസിനസ് പൊളിഞ്ഞപ്പോള്‍ വലിയ കടബാധ്യതയുണ്ടായി. ആഷിഫിന്റെ പിതാവ് മരിച്ച ശേഷമാണ് കടബാധ്യത വീട്ടുകാര്‍ അറിയുന്നത്.

ഇതു വീട്ടാനുള്ള വിഷമം മൂലം ആഷിഫും കുടുംബവും ജീവനൊടുക്കിയെന്നാണ് അബീറയുടെ സഹോദരൻപറയുന്നത്. വീടിനകത്തെ കിടപ്പുമുറിയില്‍ വിഷവായു സൃഷ്ടിച്ചായിരുന്നു ആത്മഹത്യ. വിഷവായു സൃഷ്ടിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സഹോദരി ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു മുള്ള് കൊണ്ടാല്‍ പോലും വിളിച്ചുപറയുന്ന പ്രകൃതമാണ്. അങ്ങനെയൊരാള്‍ കുട്ടികളോടൊപ്പം ജീവനൊടുക്കില്ല. കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ആഷിഫ് ജീവനൊടുക്കിയതാകാമെന്നും ആദില്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും ആബിറയുടെ കുടുംബം അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Back to top button
error: