MovieNEWS

കോട്ടയം പ്രദീപും കോട്ടയം പത്മനും

കോട്ടയം പ്രദീപ് ചിരികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയപ്പോൾ കോട്ടയം പത്മൻ കടൽ 'കടന്നൊരു മാത്തുക്കുട്ടി'യിലെ സബ് ഇൻസ്പെക്ടർ രാജേന്ദ്രനെപ്പോലെ പരുക്കൻ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് സാന്നിദ്ധ്യമറിയിച്ചു. കോട്ടയം പത്മൻ എന്ന കെ.എസ് പത്മകുമാർ ആത്മ സുഹൃത്ത് കോട്ടയം പ്രദീപിനെ അനുസ്മരിക്കുന്നു

കുമാരനെല്ലൂരിലെ വീടിൻ്റെ തെക്കേപറമ്പിൽ കോട്ടയം പ്രദീപ് എരിഞ്ഞടങ്ങി… ചിരിയുടെ അവതാരങ്ങളായ അസംഖ്യം കഥാപാത്രങ്ങളെ മിച്ചം വച്ചു കൊണ്ട്, നർമത്തിൻ്റെ രസമുകുളങ്ങൾ നിറഞ്ഞ ധാരാളം മുഹൂർത്തങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്…
കോട്ടയം പത്മൻ എന്ന ഞാൻ കോട്ടയം പ്രദീപിനെ ആദ്യം കാണുന്നത് 22 വർഷം മുമ്പാണ്.
ജോയ്സിയുടെ ‘സ്ത്രീജന്മം’ സീരിയലിൻ്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്നു. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഞാനതിൽ അവതരിപ്പിക്കുന്നുണ്ട്. പാങ്ങോട് ഒരു വീട്ടിലാണ് ആർട്ടിസ്റ്റുകളുടെ താമസം.
ഈ സീരിയലിൽ അഭിനയിക്കാൻ വേണ്ടി കോട്ടയത്തുനിന്നും ഒരാൾ തിരുവനന്തപുരത്ത് വരുന്നു. പക്ഷേ താമസിക്കാൻ അവിടെ മുറി ഇല്ല. ജോയ്സി എന്നെ വിളിക്കുന്നു:
“കോട്ടയത്തു നിന്നുള്ള ഒരാർട്ടിസ്റ്റ് വന്നിട്ടുണ്ട്, പത്മൻ്റെ മുറിയിൽ താമസിപ്പിക്കാമല്ലോ അല്ലേ…?”
രണ്ട് കട്ടിലുകളുള്ള മുറിയിലാണ് ഞാനന്ന് താമസിച്ചിരുന്നത്.
ഞാൻ സമ്മതം മൂളി. അങ്ങനെ ലഗേജുമായി അദ്ദേഹം മുറിയിലെത്തി. കോട്ടയം പ്രദീപ്…!
ആ രാത്രി അദ്ദേഹം എന്നോടൊപ്പം താമസിച്ചു. ഒരു ബാങ്ക് മാനേജരുടെ റോളാണ് അദ്ദേഹത്തിന്.

ഒരു ദിവസത്തെ മാത്രം ഷൂട്ട്. പിറ്റേന്ന് അഭിനയം കഴിഞ്ഞ് കോട്ടയം പ്രദീപ് യാത്ര പറഞ്ഞു പോയി. ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് അങ്ങനെയാണ്. അന്ന് എൽ.ഐ.സി ജീവനക്കാരനായിരുന്നു പ്രദീപ്. പിന്നീട് ഞാൻ പല കാര്യങ്ങൾക്കായി എൽ.ഐ.സി ഓഫീസിൽ ചെല്ലുമ്പോൾ തമ്മിൽ കാണുകയും പരിചയം പുതുക്കുകയും ചെയ്തു. അങ്ങനെ കോട്ടയംകാരായ ഞങ്ങളിരുവരും അടുത്ത സുഹൃത്തുക്കളായി മാറി.
ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്, ‘ചേട്ടാ എന്തെങ്കിലും വേഷം ഉണ്ടെങ്കിൽ അറിയിക്കണേ’ എന്ന് അഭ്യർത്ഥിക്കും.
അങ്ങനെയിരിക്കെ കാലം കടന്നു പോകേ കോട്ടയം പ്രദീപ് തിരക്കുള്ള നടനായി വളർന്നു.അദ്ദേഹത്തിൻ്റെ ശൈലി ജനങ്ങൾ ഇഷ്ടപ്പെട്ടു. ചെറുചിരിയുടെ ഭാവപ്പകർച്ചകളും സവിശേഷമായ സംഭാഷണ ചാതുര്യവും കൊണ്ട് പ്രദീപ് മലയാള സിനിമയിൽ ഒരിടം നേടി. ന്യൂജൻ സിനിമകളുടെ ഒരു ഭാഗമായി മാറി.
അങ്ങനെ തിരക്കു കൂടി… കോട്ടയത്ത് പ്രദീപിൻ്റെ സാന്നിധ്യം കുറഞ്ഞു.
ചില്ലറ സിനിമകളും സീരിയലുകളുമായി ഞാനും മുന്നോട്ടുപോയി.
ഈ കാലത്തിനിടയിൽ മലയാളം, തമിഴ് ഭാഷകളിലായി എഴുപതോളം ചിത്രങ്ങളിൽ പ്രദീപ് അഭിനയിച്ചു.
പത്താം വയസ്സിൽ എന്‍.എന്‍ പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി മുഖം കാണിച്ചിടത്തു നിന്നാണ് കോട്ടയം പ്രദീപ് എന്ന നടൻ്റെ ഉദയം. എൻ്റെ അഭിനയക്കളരി എൻ.എൻ പിള്ള സാറിൻ്റെ സ്കൂളായിരുന്നെങ്കിലും അന്നൊന്നും പക്ഷേ ഞങ്ങൾ കണ്ടില്ല.

കോട്ടയ നഗരത്തിനടുത്ത് തിരുവാതുക്കലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും.
സ്‌കൂൾ യുവജനോത്സവത്തിലും സ്‌കൂളിലെ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലാണ് പ്രധാനമായും പങ്കെടുത്തിരുന്നത്.
തിരുവാതുക്കൽ വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് അദ്ദേഹത്തിൽ സിനിമ ഭ്രമം വളർത്തിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടത്രേ. ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലായിരുന്നു ആ ദിവസങ്ങളിലെ പ്രധാന ജോലിയെന്ന് ഒരിക്കൽ പ്രദീപ് തന്നെ പറഞ്ഞിട്ടുണ്ട്.

തിരക്കായതിനു ശേഷവും ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു ഞങ്ങൾ. അടുത്ത സമയത്ത് എൻ്റെ മകൻ അജിത് ശങ്കറിൻ്റെ വിവാഹത്തിനും പ്രദീപ് പങ്കെടുത്തു.
ഇത്ര മുമ്പേ അദ്ദേഹം വിട പറഞ്ഞു പോകുമെന്ന് ഒരിക്കലും കരുതിയില്ല.

Back to top button
error: