തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി.
“ഈ രാജ്യത്ത് രാഷ്ട്രീയമില്ലാത്ത ആരാണുള്ളത്.ഇപ്പോഴത്തെ ഗവര്‍ണര്‍ ഒരുതവണയും രണ്ടുതവണയുമൊന്നുമല്ല അഞ്ചുതവണയാണ് കൂറുമാറിയത്. ഇപ്പോള്‍ ബി ജെ പിക്കാര്‍ക്കൊപ്പം കൂടി ഗവര്‍ണറായിരിക്കുകയാണ്.അപ്പോള്‍ അദ്ദേഹം പറയുകയാണ് ഗവര്‍ണറുടെ ഓഫീസില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന്. രാഷ്ട്രീയക്കാര്‍ അല്ലാത്തവരായി ആരെങ്കിലും ഈ സമൂഹത്തില്‍ ഉണ്ടോ?. അദ്ദേഹം ചുമ്മാ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
കൂറുമാറി കൂറുമാറി ഗവര്‍ണറായി. കാലാവധി പൂര്‍ത്തിയായാല്‍ ഗവര്‍ണര്‍ പദവി വീണ്ടും ഉറപ്പിച്ചെടുക്കാനുള്ള പണിയാണ് നോക്കുന്നത്.ഗവര്‍ണര്‍ സര്‍ക്കാരിന് തലവേദനയല്ല നാടിനാണ് തലവേദന.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ പുള്ളീടെ കുടുംബത്തില്‍ നിന്നാണോ കൊടുക്കുന്നത്.സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നല്ലേ. പ്രധാനമന്ത്രിയുടെ ഓഫീസുകളിലടക്കം ബി ജെ പിക്കാരും ആര്‍ എസ് എസുകാരുമുണ്ടാവില്ലേ? അവര്‍ക്കെല്ലാം ശമ്ബളം കാെടുക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലേ. അദ്ദേഹത്തിന്റെ ഓഫീസില്‍ ആരൊക്കെയാണ് ഉള്ളത്. അവര്‍ക്കും സര്‍ക്കാരല്ലേ ശമ്ബളം കൊടുക്കുന്നത്. രാജ്ഭവനിലെ ചെലവൊക്കെ നടത്തുന്നത് എങ്ങനെയാ.നമ്മുടെ ഖജനാവില്‍ നിന്നല്ലേ ആ പണവും.നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയെന്ന് അദ്ദേഹത്തിന്റെ ബാദ്ധ്യതയാണ്.ഒപ്പിടില്ലെന്നു പറയുന്നത് അഞ്ചാംതരം രാഷ്ട്രീയക്കളിയാണെന്നാണ് എന്റെ അഭിപ്രായം.”എം എം മണി പറഞ്ഞു.