മകളുടെ ചിത്രം കാണിച്ച് അമ്മ 11 ലക്ഷം തട്ടി എടുത്തു, ഭാര്യയും ഭർത്താവും കുടുങ്ങി
അബ്ദുൾ വാജിദ് എന്ന വിശാലഹൃദയൻ ഒരാനാഥ പെൺകുട്ടിക്കു ജീവിതം നൽകാനാഗ്രഹിച്ചു. അനാഥയെന്ന വ്യാജേന വർക്കലക്കാരി റാഷിദ സമൂഹമാധ്യമത്തിലുടെ വാജിദുമായി പരിചയപ്പെട്ടു. സ്വന്തം മകളുടെ ചിത്രം കാണിച്ചാണ് റാഷിദ 26കാരനായ വാജിദിനെ ആകർഷിച്ചത്. 11 ലക്ഷം തട്ടിയെടുത്ത റാഷിദയും ഭർത്താവ് ബൈജു നസീറും ഒടുവിൽ ജയിലഴിക്കുള്ളിലായി
വർക്കല: അനാഥയായ ഒരു പെൺകുട്ടിക്കു ജീവിതം നൽകാനാഗ്രഹിച്ച വിശാലഹൃദയന് നഷ്ടപ്പെട്ടത് 11 ലക്ഷം രൂപ. കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്.
അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരയ്ക്കൽ പുളിയക്കോട് അബ്ദുൾ വാജിദാണ് പരാതിക്കാരൻ. 26കാരനായ അബ്ദുൾ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹംചെയ്യാൻ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്.
എന്നാൽ റാഷിദയുടേതെന്ന പേരിൽ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താൻ തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള പത്തുമാസങ്ങൾക്കിടയിൽ പലപ്പോഴായി 11 ലക്ഷം രൂപ റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചു.
പക്ഷേ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ നേരിൽ കാണാൻപോലും സമ്മതിക്കാതെ ഒഴിഞ്ഞുമാറി. തുടർന്ന് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വാജിദ് മനസ്സിലാക്കിയത്. അങ്ങനെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് സംഘം വർക്കലയിലെത്തി റാഷിദയേയും ഭർത്താവിനേയും പിടികൂടി അരീക്കോട് സ്റ്റേഷനിലെത്തിച്ചു.
പോലീസ് ഓഫീസർ സി.വി. ലൈജുമോന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ ചോദ്യംചെയ്യലിൽ റാഷിദയ്ക്കൊപ്പം ഭർത്താവ് ബൈജുവും കൂട്ടുപ്രതിയാണെന്ന് വ്യക്തമായതോടെയാണ് ഇരുവരേയും അറസ്റ്റുചെയ്തത്.