മലമ്പുഴ ചെറാട് കറുപ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും വ്യോമസേനയും എത്തുന്നു. രക്ഷാപ്രവർത്തനത്തി നായി മുഖ്യമന്ത്രി പിണറായി വിജയൻ സേനയുടെ സഹായം തേടിയ സാഹചര്യത്തിലാണിത്.
മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബു(23)ആണ് മലയില്‍ കാല് വഴുതി വീണ് കുടുങ്ങിയത്. ഇയാൾ ഇപ്പോഴും മലയിടുക്കിലെ ചെറിയ ഗുഹയിൽ ഇരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ട ബാബുവിന് ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
കരസേനയുടെ ദക്ഷിണ് ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരുവിൽനിന്ന് പുറപ്പെട്ടതായി ദക്ഷിണ് ഭാരത് ഏരിയ ലഫ്. ജനറൽ അരുണ്‍ മുഖ്യമന്ത്രി യുടെ ഓഫീസിനെ അറിയിച്ചു. പർവതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്.
മലമ്പുഴ രക്ഷാ ദൗത്യത്തിനായി കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് ചൊവ്വാഴ്ച രാത്രി 7.30നു പുറപ്പെട്ടു. രക്ഷാദൗത്യത്തിൽ വ്യോമസേ നയും പങ്കാളികളാകും. ബംഗളൂരുവിൽ നിന്ന് പാരാ കമാൻഡോകൾ പുറപ്പെട്ടു. അവരെ വ്യോമ മാർഗം സുലൂരിൽ എത്തിക്കും. അവിടെ നിന്ന് റോഡ് മാ ർഗം മലമ്പുഴയിലെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായതോടെയാണ് കര വ്യോമ സേനകളെ വിളിക്കാൻ അധികൃതർ തീരുമാനിച്ചത്. യുവാവ് മ ലയിടുക്കിൽ കുടുങ്ങിയിട്ട് 29 മണിക്കൂർ പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരം ആറുവരെ ഗുഹയിൽ ഇരുന്ന് ബാബു ഷർട്ട് ഉയർത്തി വീശികാണിക്കുന്നു ണ്ടായിരുന്നു. പിന്നീട് പ്രതികരണം ഉണ്ടായില്ല.
തന്റെ കാലിന് പരിക്കേറ്റ ചിത്രങ്ങൾ ബാബു അയച്ചു നൽകിയിട്ടുണ്ട്. ബാബുവിന് അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ചെങ്കുത്തായ മലയിടുക്കിലേക്ക് എത്താനാവാതെ തിരിച്ചു പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ ഒരു സംഘം നിലവിൽ ബാബു കുടുങ്ങി കിടക്കുന്ന പാറക്കെട്ടിന് അടുത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കും ബാബുവിനെ നേരിൽ കാണാൻ സാധിക്കില്ല. താഴെ നിന്നു നോക്കിയാൽ മാത്രമേ യുവാവിനെ കാണാൻ സാധിക്കൂ.
കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങൾക്കും എത്തിച്ചേരാൻ സാധിക്കില്ല. എന്നാൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് അധികം സമയം അവിടെ തുടരാനുമാവില്ല.