KeralaNEWS

കേരള വാട്ടര്‍ അതോറിറ്റിയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

നി വീട്ടിലിരുന്നു തന്നെ പുതിയ കുടിവെള്ള കണക്ഷന്‍, സിവറേജ് കണക്ഷന്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം. ഈ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുള്‍പ്പെടെ കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് സമ്ബൂര്‍ണ ഡിജിറ്റല്‍ സേവനം നല്‍കാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്ബര്‍ക്കം ഒഴിവാക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയായി.
കേരളം സമ്ബൂര്‍ണ ഡിജിറ്റല്‍ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടികള്‍.ഉപഭോക്താക്കള്‍ക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി ലഭ്യമാക്കും.പരാതികളും അപേക്ഷകളും ഡിജിറ്റല്‍ ആയി സ്വീകരിക്കും.എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡാഷ് ബോര്‍ഡ് നല്‍കും. വാട്ടര്‍ ചാര്‍ജ് വെബ്‌സൈറ്റിലെ ഇപേ ലിങ്ക് വഴിയോ യുപിഐ ആപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ ആയി അടയ്ക്കാം.

വാട്ടര്‍ ബില്ലുകള്‍, ഉപഭോക്താക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബരില്‍ എസ്‌എംഎസ് ആയി ലഭിക്കും. വാട്ടര്‍ ചാര്‍ജ് അടയ്ക്കാനോ മറ്റുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കാനോ www.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 1916 എന്ന ടോള്‍ഫ്രീ നമ്ബരില്‍ വിളിക്കാം.

Back to top button
error: