Breaking NewsNEWS

ദിലീപിനു മുൻകൂർ ജാമ്യം, പ്രോസിക്യൂഷനു തിരിച്ചടി

കൊച്ചി: കാത്തിരിപ്പിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ അവസാനിച്ചു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവറും ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി.ഗോപിനാഥ് വിധി പ്രസ്താവിച്ചത്.

സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപിനോടും സംഘത്തോടും ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നും അതിനു താൻ ദൃക്സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

ഇതിനിടെ, നടൻ അടക്കമുള്ളവർ ഉപയോഗിച്ച 7 ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഫോണുകൾ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുന്നിൽ ഹാജരാക്കാൻ കോടതി നിർദേശം നൽകി. തുടർന്ന് 6 ഫോണുകൾ ജനുവരി 31ന് മുദ്രവച്ച കവറിൽ കൈമാറി. ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് ഇവ കൈമാറാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണു കേസിനു പിന്നിലെന്നുമാണു ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.

പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയും ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.

Back to top button
error: