അടുക്കളത്തോട്ടത്തില്‍ പച്ചക്കറികളെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചിത്രകീടം. ഇവയുടെ ആക്രമണം മൂലം ഹരിതകം നഷ്ടപ്പെട്ട് വിള നശിക്കുന്നത് സ്ഥിരം സംഭവമാണ്.ഇലകളുടെ മുകളില്‍ കയറിക്കൂടി ചിത്രം വരച്ചതുപ്പോലെ ഹരിതകം കാര്‍ന്നു തിന്ന് ഇത് മുന്നേറും. തൻമൂലം വിളവ് കുറയുകയും സാവധാനം ചെടി ഉണങ്ങിപ്പോകുകയും ചെയ്യും.തക്കാളി, പയര്‍, വെണ്ട, മുളക്,പാവൽ, പടവലം തുടങ്ങിയവയെയാണ് ചിത്രകീടം പ്രധാനമായും ആക്രമിക്കുന്നത്.
പണ്ടൊക്കെ തക്കാളിയിൽ മാത്രം ചിത്രം വരച്ചുകൊണ്ടിരുന്ന ചിത്രകീടം ഇന്ന് വഴുതനയിലും പയറിലും പാവലിലുമെല്ലാം വര തീവ്രമാക്കി കഴിഞ്ഞു.ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകൾ നുള്ളി നശിപ്പിക്കുന്നതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണ മാർഗം.അതിരാവിലെയാണ് ചിത്രം വരയ്ക്കാൻ ഏറ്റവും അനുയോജ്യമെന്നത് ചിത്രകീടത്തിന്റെ നയം.അതുകൊണ്ട് അതിരാവിലെ തന്നെ അസാഡിറക്ടിൻ അടങ്ങിയ ഒരു ശതമാനം വീര്യത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താലേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലം ചെയ്യും.സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാൻ തടത്തിൽ വേപ്പിൻകുരു ചതച്ചതോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം.
പുഴുക്കൾ ഇളം തണ്ടുകളും കായയും തുരന്നു നശിപ്പിക്കുന്നത് ഇന്ന് വഴുതിനയിലും സർവ്വസാധാരണം. ആക്രമണ ലക്ഷണമുള്ള ഭാഗങ്ങൾ മുറിച്ച് നശിപ്പിച്ച് കളഞ്ഞതിനു ശേഷം വേപ്പിൻകുരു സത്ത് തളിക്കാം.100ഗ്രാം വേപ്പിൻകുരു ചതച്ചത് ഒരു തുണിയിൽ കിഴികെട്ടി അരലിറ്റർ വെള്ളത്തിൽ 24മണിക്കൂർ മുക്കിവെക്കുക.പിന്നീട് കിഴി നന്നായി പിഴിഞ്ഞു കിട്ടുന്ന ലായിനിയിൽ അൽപം ബാർസോപ്പ് അലിയിച്ചു ചേർത്ത് 5ഇരട്ടി വെള്ളം ചേർത്ത് തളിക്കുന്നത് കായും തണ്ടും തുരക്കുന്ന പുഴുവിനെ പ്രതിരോധിക്കും.
ഹാൾട്ട്,ബയോ ആസ്പ്,ഡൈപെൽ,സെൽഫിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന മിത്രബാക്ടീരിയായ ബി.ടി ഒരു ലിറ്റർ വെള്ളത്തിൽ 10ഗ്രാം ശർക്കര കൂടി ചേർത്ത് തളിക്കുന്നത് കായും തണ്ടും തുരക്കുന്ന പുഴുവിനെ നിലയ്ക്ക് നിർത്തും.