രാജകുമാരി : രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ബോലേറോ ജീപ്പും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹന യാത്രികനായ രാജകുമാരി സ്വദേശി പട്ടരുമഠത്തില്‍ സനു വര്‍ഗീസ്(43) ആണ് മരിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ച ജീപ്പില്‍ നിന്നും പിഞ്ചുകുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു.
രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച സനു തല്‍ക്ഷണം മരിച്ചു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് സമീപത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.
അമ്മയും 2 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പടെ 3 സ്ത്രീകളും ഡ്രൈവറുമായിരുന്നു ഈ വാഹനത്തില്‍ ഉണ്ടായിരുന്നത് . വാഹനം റോഡ് സൈഡിലെ മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ കൊക്കയിലേക്ക് വീഴാതെ വന്‍ അപകടം ഒഴിവായി. അമ്മയും കുഞ്ഞും മറ്റ് യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും കൊടും വളവുകളും കുത്തിറക്കവുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.
രാജാക്കട് പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു. സനുവിന്റെ മൃദദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം വെള്ളി (4/2/22) 11 ന് ഗലീലാക്കുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ സോണി. മക്കള്‍: ജോയല്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി) , നേഹല്‍ (5 വയസ്).