ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ നീക്കം. കോവിഡ് -19 ന്റെ മൂന്നാം തരംഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും അടച്ചിരുന്നു.സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ക്ലാസുകളില്‍ ഉൾപ്പടെ പങ്കെടുക്കാന്‍ രക്ഷാകര്‍തൃ സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ നിന്ന് ക്ലാസ് റൂം പഠനത്തിലേക്കുള്ള സുഗമമായ മാറ്റത്തിൽ എത്രയും പെട്ടന്ന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കൂടുതല്‍ കാലതാമസമില്ലാതെ സ്കൂളുകള്‍ വീണ്ടും തുറക്കണമെന്നും, സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് എല്ലാ സ്കൂളുകളോടും അധ്യാപകരോടും തയാറായിരിക്കണമെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.എങ്കിലും സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.
അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സീമീറ്റർ ഉണ്ടാകണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം-എന്നിങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ.