CrimeNEWS

ആറ്റിങ്ങലിനെ നടുക്കിയ 3 മരണങ്ങള്‍, കാരണം മദ്യപാനത്തിനിടെ ഉണ്ടായ തർക്കം

 

റ്റിങ്ങൽ: സുഹൃത്തുക്കളായ മദ്യപസംഘത്തിന്റെ തര്‍ക്കത്തിനിടെ പൊലിഞ്ഞത് 3 ജീവന്‍.
ആലപ്പുഴ പി.ഡബ്ല്യു.ഡിയില്‍ ഹെഡ് ക്ലര്‍ക്കായ കല്ലമ്പലം മുള്ളറംകോട് ലീലാ കോട്ടജില്‍ അജികുമാറെന്ന തമ്പിയെയാണ് ആദ്യം സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ഈ കൊലപാതകത്തെച്ചൊല്ലി സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന വാക്കേറ്റത്തിനിടെ അജിത്ത് എന്ന യുവാവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച നടന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ബിനുരാജ് പിറ്റേന്നു കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കിടയിലെ പകയുടെ പേരിൽ 3 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കല്ലമ്പലവും ആറ്റിങ്ങലും.

വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസല്‍ക്കാരം നടന്നത്. ഇവിടെ മദ്യസല്‍ക്കാരം പതിവായിരുന്നു. മദ്യപിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍  സംഘര്‍ഷവും വാക്കേറ്റവും സ്ഥിരമായിരുന്നു. വീട്ടില്‍ ബഹളം കേട്ടതായി നാട്ടുകാരും പറഞ്ഞു. അജികുമാര്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നതു തിങ്കളാഴ്ചയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. അജികുമാറിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി മുള്ളറംകോട് ഗണപതിക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ സുഹൃത്ത് സംഘം വീണ്ടും മദ്യപിച്ചു. അവർക്കിടയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കയ്യേറ്റവും നടന്നു. അജികുമാറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തു പറയുമെന്നു സുഹൃത്തുക്കളായ അജിത്തും പ്രമോദും പറഞ്ഞതാണ് രണ്ടാമത്തെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ‌

റോഡിൽ പാര്‍ക്കു ചെയ്തിരുന്ന പിക്കപ് വാന്‍ സജീവ് കുമാര്‍ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചു. സംഭവ സ്ഥലത്തു കുഴഞ്ഞുവീണ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. പ്രമോദ് ചികിത്സയിലാണ്. സജീവ് കുമാർ കല്ലമ്പലം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

വര്‍ക്കല ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലെ സംഘം, കൊല്ലപ്പെട്ട രണ്ടു പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിലേക്കു നയിച്ച യഥാർത്ഥ കാരണമെന്തെന്ന് ഇതുവരെ പൊലീസിനു വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പക്ഷേ ഇവരാരും ക്രിമിനല്‍ കേസില്‍ പ്രതികളല്ലെന്നും സ്ഥിരം മദ്യപാനികളാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: