
കോട്ടയം: ജില്ലയില്‍ വിതരണം ചെയ്യാനായി ആന്ധ്രയില്‍ നിന്നും എത്തിച്ച എട്ടു കിലോ കഞ്ചാവുമായി ചിങ്ങവനം മാവിളങ്ങില്‍ അസം സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി.അസം സോനിപുര്‍ ലഖോപാറ ദേഖിയാന്‍ജുലി ആനന്ദദാസിനെ(28)യാണ് എക്സൈസ് കമ്മിഷണറുടെ ദക്ഷിണമേഖലാ സ്പെഷ്യല്‍ സ്ക്വാഡും കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.ഇയാളുടെ വീട്ടില്‍ നിന്നുമാണ് എട്ടു കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ദക്ഷിണമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ആര് രാജേഷിനെ നേതൃത്വത്തിലുള്ള എക്സൈസ് സ്ക്വാഡ് അംഗങ്ങളും, കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ രാജീവ് ബി നായരുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളും ചേര്‍ന്നായിരുന്നു ആനന്ദദാസിന്റെ മാവിളങ്ങിലുള്ള വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ആന്ധ്രയില്‍ കഞ്ചാവിന്റെ വിളവെടുപ്പ് കാലമായതിനാല്‍ കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിനെപ്പറ്റി എക്സൈസ് കമ്മിഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആനന്ദ ദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്.ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം നാഗമ്ബടം, പ്രദേശങ്ങളില്‍ യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് ഇയാളായിരുന്നുവെന്ന് എക്സൈസ് കണ്ടെത്തുകയായിരുന്നു.ഇതോടെ ഇയാൾ നിരീക്ഷണത്തിലായി.കഴിഞ്ഞ ദിവസം ഇങ്ങനെ കൊണ്ടുവന്ന കഞ്ചാവ് വീട്ടിൽ എത്തിച്ചതും എക്സൈസ് സംഘം വളയുകയുമായിരുന്നു.






