HealthLIFE

മദ്യം മൂലം രോഗമല്ല, മദ്യപാനം തന്നെ ഒരു രോഗമാണ്

ദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.മദ്യത്തിന്റെ തുടർച്ചയായുള്ള ഉപയോഗം മഞ്ഞപ്പിത്തം മുതൽ ലിവർ സിറോസിസിനു വരെ കാരണമായേക്കാം.രോഗം മദ്യപാനിയെ മാത്രമാണ് നേരിട്ട് ബാധിക്കുന്നതെങ്കിൽ പരോക്ഷമായി ഒരു കുടുംബത്തിന്റെ വീഴ്ചയ്ക്ക് തന്നെ മദ്യപാനം കാരണമാകും.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ.അതിനാൽത്തന്നെ കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്.ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു.രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ എന്നത്തേയും മുഖ്യ ശത്രുവാണ് മദ്യം.
മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു.ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി ചേർന്ന് കരളിലെ രാസപദാർഥങ്ങളുടെ ഘടന തന്നെ മാറ്റിമറിക്കുന്നു. അങ്ങനെ ഒരവസ്ഥ വരുമ്പോൾ നമ്മുടെ ശരീരം തന്നെ കരളിനെതിരായി പ്രതിപ്രവർത്തിക്കുകയും കരളിന്റെ ഘടനയെയും പ്രവർത്തനത്തെയും ക്രമേണ അത് ബാധിക്കുകയും ചെയ്യുന്നു.
ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായ രോഗലക്ഷണങ്ങളായാണ് കരൾരോഗം ആദ്യം പ്രത്യക്ഷപ്പെടുക.തുടർന്ന് ശരീരത്തിലും, പ്രത്യേകിച്ച് കാലിൽ നീരുണ്ടാകുകയും ക്രമേണ വയറ്റിൽ നീരു നിറഞ്ഞ് വയറ് വലുതാവുകയും ചെയ്യുന്നു. ചെറിയ മുറിവിൽ നിന്നുപോലും രക്തം കട്ടപിടിക്കാതെ പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാകാം. ആമാശയത്തിനുള്ളിൽ നിന്നും മൂലക്കുരുവിൽ നിന്നും ചിലപ്പോൾ അതികഠിനമായ രക്തസ്രാവമുണ്ടാകാം. അടിയന്തിര ശുശ്രൂഷ ലഭിച്ചില്ലെങ്കിൽ മരണത്തിന് വരെ ഇത് കാരണമാകാം.
മദ്യം കരളിനെ ബാധിച്ചു തുടങ്ങുന്ന അവസരത്തിൽ തന്നെ മദ്യം പൂർണമായും ഉപേക്ഷിച്ചാൽ കരൾവീക്കം എന്ന ഈ മാരകരോഗത്തിൽ നിന്ന് തികച്ചും മുക്തിനേടാം.എന്നാൽ ഒരിക്കൽ കരൾവീക്കം തുടങ്ങിയാൽ പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാണ്.മദ്യം നിറുത്തുന്നതോടെ രോഗത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പതുക്കെയാക്കാൻ സാധിക്കും.തുടർ ചികിത്സയിലൂടെ ഒരുപക്ഷേ ജീവിതത്തിലേക്ക് തിരിച്ചു വരാനും സാധിച്ചെന്നുവരാം.

രോഗചികിത്സയിൽ മുഖ്യമായുള്ളത് പോഷകാഹാരക്കുറവ് നികത്തുകയും രോഗസങ്കീർണതകൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സിക്കുക എന്നതുമാണ്. ഉദാഹരണമായി, ആമാശയത്തിനുള്ളിലെ രക്തക്കുഴലുകളുടെ വീക്കം എൻഡോസ്കോപ്പി വഴി ചികിത്സിക്കുന്നതിലൂടെ വയറ്റിനുള്ളിലെ രക്തസ്രാവ സാധ്യത ഗണ്യമായി കുറയ്ക്കാനും അതിലൂടെ മരണത്തിൽ നിന്നും രോഗിയെ ഒരു പരിധിവരെ രക്ഷിക്കാനും സാധിക്കും.എന്നാൽ രോഗം മൂർച്ഛിച്ചാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ.15 മുതൽ 20 ലക്ഷം വരെ ചെലവുള്ള ഈ ചികിത്സാരീതി കരൾവീക്ക രോഗത്താൽ കഷ്ടപ്പെടുന്ന രോഗിക്കും കുടുംബത്തിനും പലപ്പോഴും അപ്രാപ്യമായിരിക്കും. അതുകൊണ്ടു തന്നെ വിധിക്ക് കീഴടങ്ങുകയേ വഴിയുള്ളൂ.

മദ്യപാനം വഴി രോഗം ഉണ്ടാകുമെന്നല്ല, മദ്യപാനം തന്നെ ഒരു രോഗമാണ്.അതിൽ നിന്നു ശാരീരികമായും മാനസികമായും മോചിതരാകണം.വ്യക്‌തിത്വം വീണ്ടെടുത്തു കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും സന്തോഷകരമാക്കണം. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് നിർത്തി ജീവിതത്തിലേക്കു തിരിച്ചെത്തുമ്പോൾ  ഒരു പക്ഷേ കുടുംബം പോലും തകർന്ന പരുവത്തിലായിട്ടുണ്ടാകും.കടവും പട്ടിണിയും വേറെ. നീണ്ട മദ്യപാന കാലവും അതിന്റെ കസർത്തുകളും കുടുംബാംഗങ്ങളുടെ മനോഭാവത്തിലും സ്വഭാവത്തിലും സദാചാര ബോധത്തിലും വരെ മാറ്റം വരുത്തിയിരിക്കാം.മദ്യപൻ മദ്യപാനം നിർത്തി വീട്ടിലെത്തുമ്പോൾ അതിന്റെ നല്ലവശം മനസ്സിലാക്കാനോ അതനുസരിച്ചു പ്രതികരിക്കാനോ കഴിയാത്ത വിധം ബന്ധങ്ങൾ നശിച്ചിട്ടുണ്ടാകും.പുതിയ ബന്ധങ്ങൾ അവിഹിതമായി തുടങ്ങിയവരും കണ്ടേക്കാം.സുബോധത്തോടെ എത്തുന്ന മദ്യവിമുക്‌ത വ്യക്‌തിത്വത്തിന് ഈ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ സാധിക്കാതെ വരികയും നല്ല ജീവിതത്തിലേക്കുള്ള വഴി അടയുകയും ചെയ്‌തേക്കാം.അവിടെ ആത്മഹത്യ, കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ടുള്ള കൂട്ടക്കൊലകൾ,കൂട്ട ആത്മഹത്യകൾ എന്നിവ ഉണ്ടാകാൻ സാധ്യത വളരെ അധികമാണ്.അതിനാൽ കുടുംബത്തെ ഒന്നായി കൗൺസിലിങ് പോലുള്ള ചികിത്സയ്ക്ക് വിധേയമാക്കേണ്ടിവരും ഇവിടെ.ഇത്തരത്തിൽ ഉള്ള ഒരു സംഘടനയാണ് ‘എഎ’ എന്നറിയപ്പെടുന്ന ആൽക്കഹോളിക് അനോണിമസ്. കൈവിട്ടുപോയവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് നൂറു ശതമാനവും സാധിക്കും.
മദ്യം കരളിനെ മാത്രം ബാധിക്കുന്ന ഒന്നല്ല. വായിലും അന്നനാളത്തിലും അർബുദ രോഗങ്ങൾ, മാനസിക വിഭ്രാന്തി, അപകട മരണങ്ങൾ, ആത്മഹത്യ, കുടുംബപ്രശ്നങ്ങൾ അക്രമവാസന, സമൂഹത്തിലും കുടുംബത്തിലും ദുഷ്പേര് മുതലായവയ്ക്കും ഈ ശീലം കാരണമാകുന്നു. മദ്യത്തിന്റെ ഈ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ് വരും തലമുറയെങ്കിലും ഈ ദുശ്ശീലത്തിൽ നിന്ന് പിന്മാറട്ടെ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Back to top button
error: