ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് അനുവദിച്ച തുകയുപയോഗിച്ച് 80 ലക്ഷം കക്കൂസ് പോലും നിർമ്മിക്കാനാകില്ലെന്ന് ഡോ.വി.ശിവദാസന്‍ എം.പി. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി.എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
വായ്താരികള്‍കൊണ്ട് വീട് നിർമ്മിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.അതിന് മണലും സിമന്‍റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാധ്വാനവും വേണം. അതിനെല്ലാമായി എത്ര രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക.പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താല്‍ തന്നെ 48,000 കോടി രൂപ മാത്രമാണ്.
ഇത്രയും വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച തുകയെ 80 ലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് 60,000 രൂപ മാത്രമാണുണ്ടാകുക.ഈ തുക കൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.ഈ തുക 80 ലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല-എംപി കുറ്റപ്പെടുത്തി.