ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം
കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ, കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി
ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. വിമൽ, വിഷ്ണു.
വിമൽ അടൂരിലും വിഷ്ണു എറണാകുളത്തുമാണ് താമസം.
സുരേന്ദ്രനും, ഭാര്യയും തമ്മിൽ രാത്രി വീട്ടിൽ വച്ച് വഴക്കുണ്ടായി. തുടർന്ന് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
പുഷ്പമ്മ അപകട നില തരണം ചെയ്തിട്ടുണ്ട്.
സുരേന്ദ്രന്റെ സംസ്കാരം വൈകിട്ട് അഞ്ചിനു വീട്ടുവളപ്പിൽ നടന്നു.