കോഴിക്കോട്: നാദാപുരം സ്വദേശിനി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ആണ് മരിച്ചത്.
വീട്ടിലെ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ നേരമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.
ദോഹയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ് ഭർത്താവ് മീത്തലെപീടിക സഹീർ. മക്കൾ : അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ,ഐദിൻ ഉസ്മാൻ.