സർക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പനിയും ജലദോഷവുമായി പോയാല്‍ കോവിഡ് പരിശോധനയ്ക്ക് ശുപാര്‍ശചെയ്യും. സ്വകാര്യ ക്ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നല്കി പോകാന്‍ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ച്ചെന്ന് മരുന്നുവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.പ്രാഥമികാ രോഗ്യകേന്ദ്രങ്ങള് ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധനയാണ് ഡിസംബർ ജനുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്സിലിന്‍, അസെക്ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.
അതുപോലെ ഇങ്ങനെ മരുന്ന് കഴിക്കുമ്പോൾ പനിയും ചൂടും ഉള്ളവരിൽ അത് കുറയും.എന്നാൽ കോവിഡ് പോലുള്ള വൈറസ് ഉള്ളിൽ കിടക്കുകയും ചെയ്യും.ഇത് പിന്നീട് മരണത്തിനു പോലും കാരണമാകും.പനിയെ കാരണമറിയാതെ ചികിത്സിക്കുന്നതുവഴി രക്തത്തിലെ പ്ളേറ്റ്ലറ്റ് കുറഞ്ഞാലും അറിയാതെ പോകുന്നു.രക്തത്തില്‍ പ്ലേറ്റ്ലെറ്റുകള് 20,000-ത്തില്‍ കുറയുകയോ രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകള് കുറയുന്നതായി സംശയം തോന്നിയാല്‍ ഉടൻ വിദഗ്ധ ചികിത്സ തേടണം.പക്ഷെ സ്വയം ചികിത്സയിൽ ഇതൊന്നും അറിയാതെ പോകുന്നു.
വേദനസംഹാരികളും ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഉപയോഗിക്കരുത്.വേദനസംഹാരികളുടെ അമിതോപയോഗം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും.ഇതൊക്കെയാണെങ്കി ലും ഓരോ രോഗവും ഓരോ കാലത്തിലും ഓരോ വ്യക്തിയിലും വിവിധ ഭാവഭേദങ്ങളോടെ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് രോഗംവന്നാല്‍ ഉടന്‍ ഡോക്ടറെ കാണണം. സ്വയം ചികിത്സ അരുത്.