LIFETravel

പെട്രോൾ ചോർച്ചയ്ക്ക് മാത്രമല്ല, വാഹനം തീ പിടിക്കുന്നതിനും ഈ വണ്ടുകൾ കാരണമാകും

വണ്ടികളുടെ പെട്രോൾ നഷ്ടത്തിനു കാരണമാകുന്ന വണ്ടുകൾ കേരളത്തിൽ പെരുകുന്നു
 
👉കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയായി മാറിയിരിക്കുകയാണ് കാംഫർഷോട്ട് എന്ന വണ്ടിനത്തിൽപ്പെട്ട ചെറുജീവി.അടുത്തിടെ ഏറെ കേൾക്കുന്ന ഒരു വാർത്തയുമാണ് ഇത്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ തീർക്കുന്നത് ഈ ജീവിയാണ്.പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ ഈ ജീവികൾ തുളയിടുകയും ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതുമാണ് പ്രശ്നം.
ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിത്തത്തിനും കാരണമാകുന്നു.
തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല, റാന്നി പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നിരുന്നതെങ്കിലും പിന്നീട് പല സ്ഥലങ്ങളിലേക്കും ഇത് വ്യാപിച്ചു.ഇതോടെ ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന പേരിൽ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുകയും ചെയ്തു.
2020ൽ തിരുവല്ല, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന്  സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ പെട്ട കാംഫർഷോട്ട് എന്ന ചെറു ജീവിയാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്. ഈ ജീവികൾ ഏഷ്യൻ വൻകരയിൽ കണ്ടുവരുന്നതാണെങ്കിലും ഇന്ത്യയിൽ അധികം കാണാറില്ല. ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന തടികളിലൂടെയും ചെടികളിലൂടെയുമായിരിക്കും ഇവ നമ്മുടെ നാട്ടിലും എത്തിപ്പറ്റിയത്.
പ്രധാനമായും അറുത്തിട്ട/ മറിഞ്ഞുവീണ് കിടക്കുന്ന തടികളിലാണ് ഇവ സുഷിരങ്ങളുണ്ടാക്കുന്നത്.തടി ഇവർ ഭക്ഷിക്കില്ല.ഇവയുടെ ശരീരത്തിലുള്ള ഒരു തരം ഫംഗസിനെ വളർത്താനുള്ള ഇടം എന്ന തരത്തിൽ മാത്രമാണ് ഇതു തടികളിൽ തുള ഉണ്ടാക്കുന്നത് ( ഈ ഫംഗസ് തന്നെയാണ് ഇവരുടെ ഭക്ഷണവും).ഇത്തരം തടികളിൽ നിന്ന് വരുന്ന എഥനോളിന്റെ ഗന്ധമാണ് ഇവയെ പ്രധാനമായും ഇത്തരത്തിൽ ആകർഷിക്കുന്നത്.
അടുത്തിടെ ‘പെട്രോളിൽ’ കണ്ടുവരുന്ന ‘എഥനോളിന്റെ’ സാന്നിധ്യമാണ് ഇവയെ വാഹനങ്ങളിലേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമെന്നാണ് കരുതുന്നത്.തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണ് വാഹനങ്ങളിലെ റബർ പൈപ്പുകളും ഇതു തുരക്കുന്നത്.എന്നാൽ പെട്രോളിന് അടുത്തെത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യും. എഥനോളിന്റെ സാന്നിധ്യവും ലോക്ഡൗൺ കാലത്ത് അധികം എടുക്കാത്ത വാഹനങ്ങളും കൂടിയായപ്പോൾ തടിയെന്നു കരുതി ഈ ജീവികൾ പൈപ്പുകളിൽ കയറിപ്പറ്റിയതാവാം.ഇത്തരത്തിലുള്ള പ്രാണികൾക്ക് പെട്രോളിന്റെ സാന്നിധ്യം ജീവനു തന്നെ ഭീഷണിയാണ്.അതിനാൽ ഇത് പെട്രോൾ കുടിക്കുമെന്ന് കരുതാൻ കഴിയുകയില്ലല്ലോ.
പൈപ്പുകൾ വ്യാസം കൂട്ടുകയോ അല്ലെങ്കിൽ ഇരുമ്പ് ചട്ടയുള്ള പൈപ്പുകൾ ഇടുകയോ ആണ് ഇതിനുള്ള ശാശ്വത പരിഹാരം. കൂടാതെ പൈപ്പുകളിൽ വിഷാംശമില്ലത്ത ഉണങ്ങിപ്പോകാത്ത പശ ഉപയോഗിച്ച് കവർ ചെയ്താൽ ഒരു പരിധിവരെ ഇത് തടയാനുമാകും. സാധാരണ അത്ര എളുപ്പത്തിൽ മാറ്റേണ്ടാത്ത പൈപ്പുകളാണ് ഇത്. അതുകൊണ്ടു തന്നെ പല സര്‍വീസ് സെന്ററുകളിലും  പാര്‍ട്‌സ് വിപണന കടകളിലും ഇത്തരം പൈപ്പുകള്‍ക്ക് ക്ഷാമം നേരിടുന്നതും വാഹനം ഉടമകളെ വലയ്ക്കുന്നുണ്ട്.
വാഹനം നിർത്തിയിടുമ്പോൾ ഇന്ധന ചോർച്ച അധികം അറിയില്ലെങ്കിലും ഓടുമ്പോൾ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോൾ ചോരാൻ സാധ്യതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള്‍ പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്‍ച്ച വാഹനത്തിന് തീപിടിക്കുന്നതിനും കാരണമാകും. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമായേക്കാം എന്നർത്ഥം!

Back to top button
error: