കാഞ്ചി വലിച്ചത് 1000 മൈൽ അകലെയിരുന്നായിരുന്നു.ഇറാൻ മാത്രമല്ല, ലോകം ഒന്നാകെ നടുങ്ങിയ ഫക്രിസാദെ വധം നടന്നത് ഇങ്ങനെയായിരുന്നു.2020 നവംബർ 27 ന് ഉച്ചയോടെയാണ് ലോകത്തെ നടുക്കിയ ആ കൊലപാതകം നടന്നത്. ഇറാൻ ആണവ പദ്ധതിയുടെ പിതാവായ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് ആളില്ലാ പിക് അപ് ട്രക്കിൽ ഘടിപ്പിച്ചിരുന്ന മെഷീൻ ഗണിൽ നിന്നുമുള്ള ബുള്ളറ്റ് നേരിട്ട് നെഞ്ചിൽ തറച്ചായിരുന്നു !!
മനുഷ്യൻ നേരിട്ട് കാഞ്ചി വലിക്കാതെ, ലോകത്ത് ആദ്യമായി നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) ഉപയോഗിച്ച് നടന്ന കൊലപാതകമാണ് ഫക്രിസാദെ വധം. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദായിരുന്നു ആക്രമണത്തിന് പിന്നിൽ.ആയിരം മൈൽ അകലെയിരുന്നാണ് ഫക്രിസാദെയുടെ കൊലയാളി കാഞ്ചി വലിച്ചതെന്ന വെളിപ്പെടുത്തൽ ആ കൊലപാതകത്തെക്കാൾ കൂടുതൽ അന്ന് ലോകത്തെ നടുക്കി.
2020 നവംബർ 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫക്രിസാദെയും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി വാഹനത്തോടെ വരുമ്പോഴായിരുന്നു കിറുകൃത്യമായ കൊലപാതകം.ഇറാനിലെ ഫിറുസ്‌കോഹ റോഡിൽവച്ച് യൂ-ടേണ്‍ എടുത്ത സമയത്ത്,കാലിയായ പിക്കപ്പ് വാനിൽ ഘടിപ്പിച്ചിരുന്ന ഫെയ്‌സ് ഡിറ്റക്ഷന്‍ സിസ്റ്റം വഴിയാണ് മൊസാദ് ഇത് സാധ്യമാക്കിയത്.
ഓടുന്ന കാറില്‍ അടുത്ത സീറ്റിലിരിക്കുന്ന ഭാര്യയ്ക്ക് പോലും പരുക്കേൽക്കാതെ ഫക്രിസാദേയ്ക്കു നേരെ അതീവ കൃത്യതയോടെ നിറയൊഴിക്കാന്‍ സാധിക്കുക എന്നത് സാങ്കേതികവിദ്യ എന്തുമാത്രം വളര്‍ന്നു എന്നതിന്റെ തെളിവായിരുന്നു.പക്ഷെ ലോകത്തെ ഞെട്ടിച്ചത് ഇതിന്റെ ‘അപകടം പിടിച്ച’ ദുരുപയോഗമായിരുന്നു.ലോക നേതാക്കളുടെയും വിവിഐപികളുടെയും ഉറക്കം പോയെന്നു പറയുന്നതാവും ശരി. നോവലുകളിലും സിനിമകളിലും മാത്രം കണ്ട് ശീലിച്ച ‘എഐ’ കൊലപാതകങ്ങൾ സമീപഭാവിയിൽ തങ്ങളെയും തേടിയെത്താമെന്ന ചിന്തയായിരുന്നു അതിന് പിന്നിൽ. വ്യക്തികളെ തിരിച്ചറിഞ്ഞ് വധിക്കാൻ പ്രോഗ്രാം ചെയ്യപ്പെട്ട ഒരു തോക്കിന് സാധിക്കുമെന്നത് അന്നാദ്യമായിട്ടായിരുന്നു ലോകം കണ്ടത് !!