NEWS

കോട്ടയത്തെ പ്രവാസി വ്യവസായിയായ വി.ഐ.പി താനല്ലെന്നും ദിലീപിന്റെ വീട്ടിൽ പോയത് ഒരുതവണ മാത്രമെന്നും മെഹബൂബ് അബ്ദുല്ല, മെഹബൂബിനെ പൊലീസ് ചോദ്യം ചെയ്യും

താന്‍ ദിലീപിന്‍റെ വീട്ടിലുള്ള സമയം ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തി. അയാൾ ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറി. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് തന്നെയും ക്ഷണിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ വച്ച് ചീത്ത പറഞ്ഞാല്‍ മാത്രമെ തനിക്ക് സമാധാനം ആകൂ എന്ന് ഈ വി.ഐ.പി പറഞ്ഞു; സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു

കൊച്ചി: ദിലീപ് കേസിൽ ആരോപണം നേരിടുന്ന വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീപിന്റെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് പോയത്. അന്ന് കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് അബ്ദുല്ല പറഞ്ഞു.

കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായി എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ സൂചന. തുടർന്ന് പ്രവാസി വ്യവസായിയായ മെഹബൂബ് അബ്ദുല്ലയെ സംശയിക്കുന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഹബൂബ് രംഗത്തെത്തിയത്.

ഹോട്ടൽ ബിസിനസ് ഉണ്ടെന്നും ദിലീപിനെ അറിയാമെന്നും മെഹബൂബ് പറഞ്ഞു. മാത്രമല്ല, ദിലീപിന്റെ ‘ദേ പുട്ട് റെസ്റ്റോറന്റി’ൽ ഷെയറുമുണ്ടെന്നും എന്നാൽ ഈ വി.ഐ.പി താനല്ല എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എവിടെ വേണമെങ്കിലും ഇക്കാര്യം പറയാൻ തയ്യാറാണ്.
‘ഇക്ക’ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നത്. പക്ഷേ ബാലചന്ദ്രകുമാർ ഉദ്ദേശിക്കുന്ന വി.ഐ.പി ആരാണെന്ന് തനിക്കറിയില്ല. ദിലീപുമായി ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണുള്ളത്.
ആ സമയത്തൊന്നും മോശമായ കാര്യങ്ങൾ തോന്നിയിട്ടില്ല. പെൻഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല.

ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. അത് ബിസിനസ് സംസാരിക്കാനാണ്. ആ സമയത്ത് ഭാര്യ കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനേയോ സഹോദരി ഭർത്താവിനേയോ യാതൊരു പരിചയമില്ല. ഈ പറയുന്ന വി.ഐ.പി താനല്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് അഭ്യർത്ഥിച്ചു. അന്വേഷണ സംഘം ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല, സംവിധായകൻ ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ല, മെഹബൂബ് കൂട്ടിച്ചേർത്തു.

ബാലചന്ദ്രകുമാർ പറയുന്നത്, താന്‍ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ്. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു.
ഒരു വി.ഐ.പിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ വച്ച് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വി.ഐ.പി ആരാണെന്ന് അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ വി.ഐ.പി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വി.ഐ.പിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാന്‍ നല്‍കിയത്. ഇതില്‍ ഒരാളാണ് വി.ഐ.പി എന്ന് സാക്ഷി ഏറെക്കുറെ ഉറപ്പ് നല്‍കി.
കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാള്‍ക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ട്. വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വി.ഐ.പി എന്ന് വിശേഷിപ്പിച്ച പ്രതിയെന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘം ശബ്ദ സാമ്പിള്‍ ശേഖരിക്കും. അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ള സാമ്പിളുമായി ഒത്തുപോകുകയാണെങ്കില്‍ പ്രതിയാക്കി ഉടന്‍ വ്യവസായിയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേ സമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെയും സഹോദരന്‍ അനൂപിന്‍റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കും പെന്‍ഡ്രൈവും വിശദമായി പരിശോധിച്ച് വരികയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ സാധൂകരിക്കത്തക്ക തെളിവുകള്‍ ഇതില്‍ നിന്നും ലഭിക്കുമൊ എന്നറിയുന്നതിനാണ് പരിശോധന.
കൂടാതെ, പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഗാഡ്ജെറ്റുകളിലേതിലെങ്കിലും , നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടൊ എന്നും പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ഇത്തരം തെളിവുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ എന്തെങ്കിലും മായ്ച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചു. എന്നാൽ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: