IndiaNEWS

ഒമിക്രോൺ: അന്തർസംസ്ഥാന യാത്രയിൽ അറിഞ്ഞിരിക്കേണ്ടത്

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ചെറുതല്ലാത്ത ഭീഷണിയാണ് ലോക രാജ്യങ്ങൾക്ക് മുന്നില്‍ ഉയര്‍ത്തുന്നത്.എന്നിരുന്നാലും കൊവിഡ് കാലം പഠിപ്പിച്ച മുന്‍കരുതലുകളും സുരക്ഷാ നടപടികകളും ഒപ്പം യാത്രാ വിലക്കുകളും ഉള്‍പ്പെടെ ചെറുതല്ലാത്ത കരുതലുകള്‍ എല്ലായിടത്തും ഉറപ്പുവരുത്തിയിട്ടുണ്ട്.ഇന്ത്യയിൽ യാത്രാ വിലക്കുകള്‍ പൂര്‍ണ്ണമായും നിലവില്‍ വന്നിട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും യാത്രകളില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.അതുപോലെ നമ്മൾ യാത്രകള്‍ക്ക് ഒരുങ്ങുമ്പോൾ അത് കൃത്യമായ മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും വേണം.

 

ഒമിക്രോണിന്റെ ഈ കാലത്ത് ഏറ്റവും കൂടുതൽ സുരക്ഷിതത്വം നല്കുന്ന  കാര്യം വാക്സിന്‍ സ്വീകരിക്കുക എന്നതു മാത്രമാണ്. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ പ്രതിരോധശേഷി നേടുന്നു എന്നതു മാത്രമല്ല, നമ്മള്‍വഴി മറ്റൊരാള്‍ക്ക് രോഗം പകരുന്നത് തടയുകയും ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല, വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും പ്രവേശനം അനുവദിക്കുന്നുമില്ല.വൈറസ് വ്യാപനവും മറ്റ് കാര്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ മിക്കപ്പോഴും യാത്രാ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പുറത്തിറക്കാറുണ്ട്. ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്കായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഏര്‍പ്പെടുത്തുമ്പോള്‍ അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യുക എന്നത് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. അല്ലാത്തപക്ഷം, സമയവും പണവും വരെ നഷ്ടമാകുന്ന അവസ്ഥയുമുണ്ടായേക്കാം.

മിക്ക സംസ്ഥാനങ്ങളും അവിടേക്ക് കടക്കുന്നതിന് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.അതേപോലെ ക്വാറന്റൈൻ നിയമങ്ങളും ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു,അതിനാൽ ലക്ഷ്യസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ അറിയേണ്ടത് പ്രധാനമാണ്.കൊവിഡിന്റെ ആരംഭകാലം മുതല്‍ തന്നെ രോഗവ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കുന്നത് എല്ലായിടത്തും നിര്‍ബന്ധമാക്കിയിട്ടുള്ളത് ഇപ്പോഴും തുടരുകയാണ്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പുതിയ വേരിയന്റ് എത്ര വേഗത്തിൽ പടരുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, മാസ്ക് ധരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. പുറത്തിറങ്ങുന്നതിനു മുന്‍പായി വായും മൂക്കും മറയ്ക്കുന്ന രീതിയില്‍ ഇരട്ട പാളികളുള്ള മാസ്‌ക് ഉപയോഗിച്ച് നന്നായി മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
രോഗവ്യാപനം തടയുന്നതിനുള്ള മറ്റൊരു വഴി എന്നത് സാമൂഹീകാകലം പാലിക്കുക എന്നതാണ്.തിരക്കേറിയ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. ലോകത്ത് ഒമൈക്രോണുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. പടരാനുള്ള സാധ്യത ഒഴിവാക്കാൻ എയർകണ്ടീഷൻ ചെയ്ത(ട്രെയിനുകളിൽ ഉൾപ്പടെ) സ്ഥലങ്ങൾ ഒഴിവാക്കുക.
ആരോഗ്യകരവും ശുചിത്വവുമുള്ള ജീവിതശൈലി പിന്തുടരുകയാണ് കൊവിഡിന്റെ പിടിയില്‍ അകപ്പെടാതിരിക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം.പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും ആളുകളുമായി ഇടപെടേണ്ടി വരുമ്പോഴും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. അനാവശ്യമായി പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.കൃത്യമായ ഇടവേളകളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക.
ട്രെയിനിലും മറ്റും തൽക്കാലം എസി ഒഴിവാക്കി സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യുന്നതാണ് ഉത്തമം.ഒരു സീറ്റിൽ നാല് പേര് എന്നതാണ് ഇവിടെ കണക്ക് എന്നതിനാൽ സാമൂഹിക അകലം പാലിച്ചിരിക്കുന്നത് ബുദ്ധിമുട്ടാവും.അതിനാൽ ഡബിൾ മാസ്ക് ധരിക്കുകയും,ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യണം.

Back to top button
error: