KeralaNEWS

ഓലമേയൽ അഥവാ പുരകെട്ടുകല്ല്യാണം 

ണ്ട് നമ്മുടെ നാട്ടിലെ എല്ലാ വീടുകളും തന്നെ ഓലയോ വൈക്കോലോ മേഞ്ഞതായിരുന്നു.മതിലും, വേലിയും,ഗേറ്റും, കരണ്ടും ,കാറും, ഫോണും, ഗ്യാസും, മാരക രോഗങ്ങളും അന്ന് ഇല്ലായിരുന്നു.പക്ഷേ അന്നത്തെ മനുഷ്യർക്ക് പരസ്പര സ്നേഹവും സഹകരണവും ഉണ്ടായിരുന്നു.
പണ്ട് നാട്ടിൽ വീടുകൾ ഓലമേയുന്നത് പുരകെട്ടു കല്യാണം എന്നാണ് അറിയപ്പെട്ടിരുന്നത്. കാരണം ഓലമേയലിനു ശേഷം സദ്യ ഉണ്ടാവും.സദ്യയുള്ള ഏതു ചടങ്ങും കല്ല്യാണം എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
വർഷത്തിലൊരിക്കൽ പുര ഓല കെട്ടി മേയുന്ന ദിവസമാണ്  പുരകെട്ട് കല്ല്യാണം.മെയ് മാസം പകുതി ആയിട്ടും പുര  കെട്ടിമേയാൻ കഴിയാത്ത  വീട്ടുകാരുടെ മനസ്സിൽ ഭീതി പെരുമ്പറ കൊട്ടും .മഴയെങ്ങാനും പെയ്താൽ കാറ്റെങ്ങാനും വീശിയാൽ  കരിഞ്ഞുണങ്ങിയ ഓലയിളുമ്പിലൂടെ വെള്ളം അകത്തേക്കിറങ്ങുന്ന ദു:സ്വപ്നം കണ്ട്‌ അവർ ഞെട്ടിയുണരും.
പുരകെട്ടുകല്ല്യാണത്തിന് വലിയ മുന്നൊരുക്കങ്ങൾ വേണം.മേച്ചിലിന്   ആവശ്യമായ പച്ചോല  സംഭരിച്ച് കീറി കെട്ടി വെള്ളത്തിലിട്ട് കുതിർത്ത് മെടഞ്ഞ്, ഉണക്കി കെട്ടുകളായി അട്ടി വച്ചിട്ടുണ്ടായിരിക്കണം.ചെറിയ പറമ്പുകൾ ഉള്ളവർ മെടഞ്ഞ ഓല വിലയ്ക്കു വാങ്ങും.
പുരകെട്ടു കല്ല്യാണദിവസം  വീട്ടുകാരെല്ലാം അതിരാവിലെ എഴുന്നേൽക്കും.സ്ത്രീകൾ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  ആരംഭിക്കും.അതിരാവിലെ പുരകെട്ടുകാർ എത്തും. ഓരോ നാട്ടിലും ഇതിൽ വൈദഗ്ദ്യമുള്ള ഒന്നോ രണ്ടോ പേർ അന്നുണ്ടായിരുന്നു. പുരകെട്ടു കാലമായാൽ ഓരോ ദിവസവും അവർ ഓരോരോ പുരകൾ കെട്ടുന്ന തിരക്കിലാവും.അവരുടെ ഡേറ്റ് നോക്കിയാണ് പുരകെട്ടു ദിവസം തീരുമാനിക്കുക. അരിവെയ്പ്പും പപ്പടം കാച്ചലും, മീൻ വറുക്കലും അന്ന്  മാത്രം  മുറ്റത്ത് കല്ല് വച്ചുണ്ടാക്കിയ താത്കാലിക അടുപ്പിലായിരിക്കും.
 ആണുങ്ങൾക്കും അന്ന് പിടിപ്പത് പണിയാണ് . വീട്ടിലെ പല സാധന സാമഗ്രികളും മൂടി വക്കണം . പുറത്തിറക്കാവുന്ന കട്ടിലുകൾ, പാത്രങ്ങൾ എന്നിവ പുറത്തിറക്കും. പഴയ മേച്ചിൽ പൊളിക്കുമ്പോൾ പൊടി ചാടാതിരിക്കാനാണിത്.
മെടഞ്ഞ ഓല കഴുക്കോലിൽ കെട്ടുവാനുള്ള ഓല ഞാരുകൾ  പുരകെട്ടുകാർക്കു എടുത്ത് കൊടുക്കണം .ദ്രവിച്ച കഴുക്കോലുകൾ, പട്ടിക മാറ്റുവാനുള്ളവ തയ്യാറാക്കി വെക്കണം. സഹായികളുടെ കുറവുണ്ടെങ്കിൽ സഹായികളാകണം .
പുര കെട്ടുന്ന ദിവസം കുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കും. അന്നുണ്ടാക്കുന്ന സ്പെഷ്യൽ ഭക്ഷണവും,  പുരകെട്ടിന്റെ മേളവും ആസ്വദിക്കാനാണ് ഇത്.  പക്ഷെ നടക്കില്ല.
പുരകെട്ടുകാർ എത്തിയാൽ ഉടനെ ഒരു ഗ്ലാസ്സ് കട്ടൻ . അതും കുടിച്ച് അവർ പുരപ്പുറത്തു കയറും . രണ്ട്‌ അടരുകളായി കഴുക്കോലിൽ കെട്ടി വച്ചിരിക്കുന്ന മെടഞ്ഞ ഓല വെട്ടി താഴേക്കിടലാണ് ആദ്യ പണി . വീടുകൾ അപ്പോൾ തലപ്പാവില്ലാതെ അസ്ഥികൂടങ്ങളായി തെളിഞ്ഞുവരും .
താഴേക്ക് വീഴുന്ന ഓലകൾ രണ്ടായി തരം തിരിച്ചു വക്കണം .കരിയോലയും വരട്ടോലയും  .അതിൽ വരട്ടോല  വീണ്ടും ഉപയോഗിക്കാനുള്ളതാണ് . അവ പുതിയ ഓലയുടെ അടിയിലാണ് ഉപയോഗിക്കുന്നത്. ഓലയിറക്കി കഴിഞ്ഞാൽ കഴുക്കോലുകൾ പൊടി തട്ടി ആവശ്യമുള്ളിടത്തു പുതിയവ കെട്ടി പണിക്കാർ താഴേക്കിറങ്ങും .സമയം അപ്പോൾ ഏകദേശം 12 മണിയായി കാണും .
വീടിൻ്റെ പരിസരത്തെല്ലാം മീൻ വറുത്തതിന്റെയും, പപ്പടം കാച്ചിയതിന്റെയും മണമായിരിക്കും. ഉണക്കമീൻ ആവും വറുക്കുക. അടുത്തത് സദ്യയാണ്‌ . പുരകെട്ട് കല്ല്യാണസദ്യ . വെറും നിലത്തോ ഉമ്മറത്തോ വാഴയില വിരിച്ചാണ് സദ്യവട്ടങ്ങൾ വിളമ്പുക . സദ്യ കഴിഞ്ഞാൽ ഒരൽപം വിശ്രമം .ചിലയിടത്ത് കള്ളും ഉണ്ടായിരിക്കും.
 പിന്നെ പുരമേയൽ തുടങ്ങുകയായി. പുരകെട്ടുകാർ അരയിൽ ഓല നാരുകൾ (വഴുക)  കെട്ടിവച്ച്  പുരപ്പുറത്തു കയറും  . അടി ഭാഗത്തു നിന്നും മേൽഭാഗത്തേക്കാണ്  മേഞ്ഞു തുടങ്ങുക .അപ്രകാരം നാല് വശത്തു നിന്നും മേഞ്ഞു കയറും .നെറുകയിൽ ഓല ഒരു പ്രത്യേക രീതിയിൽ മടക്കി കെട്ടി വെക്കും .ചരിവുകളിൽ മെടയാത്ത മുഴുവൻ തെങ്ങോലകൾ പതിപ്പിച്ചു വച്ച് കെട്ടിവെക്കും .
പുരമേയൽ പൂർത്തിയായാൽ താഴെയിറങ്ങി അരിക് അരിഞ്ഞു ചന്തമാക്കലാണ് അവസാന പണി .വീട്ടുകാർ അപ്പോഴേക്കും പരിസരം വൃത്തിയാക്കി  ചായയും പലഹാരവും ഒരുക്കി വച്ചിട്ടുണ്ടാകും . ചായകുടിച്ച് കൂലിയും വാങ്ങിച്ച്  ഒരു വർഷം കഴിഞ്ഞ് വീണ്ടും കാണണം എന്നോർമിപ്പിച്ച് പുരകെട്ടുകാർ  യാത്രപറഞ്ഞിറങ്ങുകയായി . പിന്നെ പുറത്തെടുത്തിട്ട സാധനങ്ങൾ അകത്തെടുത്തിട്ടാൽ പുരകെട്ട് പൂർത്തിയായി. ഒരു ആശ്വാസ നെടുവീർപ്പിട്ടുകൊണ്ട് വീട്ടുകാർ അപ്പോൾ വീടിനകത്തേക്ക് കയറും.
പുല്ല് മേഞ്ഞതും വൈക്കോൽ മേഞ്ഞതും പനയോല മേഞ്ഞതുമായ വീടുകളും കേരളത്തിൽ  പലയിടത്തും ഇപ്പോഴും കാണാം.
ഓലമേഞ്ഞ  കിടന്ന് ഉറങ്ങുന്ന സുഖം ഒന്നു വേറെയാണ്. ഓലയ്ക്ക് പകരം ഓടും, ആസ്ബറ്റോസും , കോൺക്രീറ്റും, ഇരുമ്പു ഷീറ്റു മുതൽ പല തരം മേച്ചിൽഷീറ്റുകളുടെ തരംഗമായി പിന്നീട്.പക്ഷേ തറ മെഴുകിയ ,ഓല മേഞ്ഞ വീട്ടിൽ കിടന്ന് ഉറങ്ങുന്ന ഉറക്കമുണ്ടല്ലോ… അതിനൊരു പ്രത്യേക സുഖമാണ്. ..!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: