കഴിഞ്ഞയാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. ദാലു ബിർഹോർ എന്ന വ്യക്തി തന്റെ അയൽക്കാരനുമായി വലിയ ഒരു അടിപിടിയുണ്ടാക്കി. സംഗതി ഇവിടുത്തെ നാട്ടുകൂട്ടത്തിന്റെ മുന്നിലെത്തി. അകാരണമായി തല്ലുണ്ടാക്കിയതിന് ദാലു ബിർഹോറിന് പിഴയായി നൽകേണ്ടി വന്നത് രണ്ടുകുപ്പി മദ്യം.ഇതിനും കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിൽ നിന്നും രണ്ടു കോഴികളെ മോഷ്ടിച്ചതിന് പതിനെട്ടുകാരനായ രാഖാ ബിർഹോറിന് പിഴയൊടുക്കേണ്ടി വന്നത് മൂന്നു കുപ്പി ഹരിയയാണ്… ആഹാ എന്തു വിചിത്രമാണ് ഇവിടുത്തെ നിയമങ്ങൾ അല്ലേ…. ? മദ്യം പിഴയായി നല്കി കുറ്റത്തിൽ നിന്നും ഒഴിവാകുന്ന ഈ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ട് അത്ഭുതം തോന്നുന്നില്ലേ….പുറത്തു നിന്നു നോക്കുമ്പോൾ വളരെ വിചിത്രമെന്നു തോന്നുമെങ്കിലും ഈ ഗ്രാമത്തിൽ നിൽക്കണമെങ്കിൽ ഈ നിയമങ്ങളൊക്കെ അനുസരിച്ചേ മതിയാവൂ.
വിചിത്രമായ നിയമങ്ങൾക്കു പേരുകേട്ട ഈ ഗ്രാമം ഝാർഖണ്ഡ് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചൽക്കി എന്നു പേരായ ഗ്രാമത്തിലെ ബിർഹോർ സമുദായത്തിൽ ഉൾപ്പെട്ട ആളുകളാണ് ഈ നിയമങ്ങൾ ഇന്നും പിന്തുടരുന്നത്.
വളരെ വിചിത്രമായ നിയമങ്ങളും ആചാരങ്ങളുമാണ് ഈ ഗ്രാമത്തിലുള്ളവർ പിന്തുടരുന്നത്. ഇവിടെ ആളുകൾ ഏതു തരത്തിലുള്ള കുറ്റം ചെയ്താലും ഇവിടെയുള്ളവർ നിയമ വ്യവസ്ഥയേയാ പോലീസിനെയോ ഒന്നും സമീപിക്കാറില്ല. പകരം ഇവിടുത്തെ നാട്ടുകൂട്ടം കൂടിയാണ് പരാതികൾ പരിഹരിക്കുന്നതും തെറ്റുകൾക്ക് ശിക്ഷ വിധിക്കുന്നതും. ഇവിടെയുള്ളവർ ചെയ്യുന്ന എന്തു തെറ്റിനും പിഴയയാി നല്കേണ്ടത് മദ്യം ആണ് എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
വെറുതെ ഒരുകുപ്പി മദ്യം നല്കി ചെയ്ത തെറ്റിൽ നിന്നും ഊരിപ്പോകാം എന്നു കരുതിയാൽ തെറ്റി. ചെയ്യുന്ന തെറ്റിൻറെ കാഠിന്യത്തിനും വ്യാപ്തിക്കും അനുസരിച്ച് പിഴയായി നല്കേണ്ട മദ്യത്തിന്റെ അളവും കൂടും. അടിപിടിക്കേസാണെങ്കിൽ രണ്ടു കുപ്പിയിൽ ഒതുക്കി നിർത്താം. എന്നാൽ മോഷണമാണ് തെളിയിക്കപ്പെട്ടിരിക്കുന്ന കുറ്റമെങ്കിൽ അത് അഞ്ച് കുപ്പി മദ്യമായും മാറും. ഇനിയും ഗൗരവമേറിയ തെറ്റാണെങ്കിൽ പിഴയായി നല്കേണ്ടി വരിക പത്തുകുപ്പിയായിരിക്കും. ഇതിലപ്പുറം കഠിനമായ തെറ്റുകളൊന്നും ഇനിടെ ആരും ചെയ്യാറില്ലാത്തതിനാൽ ശിക്ഷ പത്തുകുപ്പി മദ്യത്തിൽ നിർത്തുകയാണ് പതിവ്.
തെറ്റു ചെയ്താൽ എന്തു മദ്യമാണ് കൊടുക്കേണ്ടത് എന്നതിനും ഇവിടെ പ്രത്യേകതയുണ്ട്. ഇവർ പ്രാദേശികമായി നിർമ്മിക്കുന്ന ഹാരിയ എന്നു പേരായ മദ്യമാണ് പിഴയായി നല്കേണ്ടത്. ഇവിടെ എല്ലാവരും പ്രാദേശികമായി വീടുകളില് നിർമ്മിക്കുന്ന ഹാരിയ എന്നു പേരായ മദ്യം അല്ലെങ്കിൽ ലഹരി പാനീയമാണ്പിഴയായി നല്കേണ്ടത്. അരി, വെള്ളം, കാട്ടുചെടികൾ എന്നിവ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. വിദേശമദ്യവും പുറത്തു നിന്നുള്ള മദ്യവും ഇവിടെ അധികം പ്രോത്സാഹിപ്പിക്കാറില്ല.