രാത്രിയിൽ അത്താഴം കഴിഞ്ഞ ശേഷം ഏതെങ്കിലും പഴം കഴിക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്.പ്രത്യേകി ച്ച് വാഴപ്പഴം.പക്ഷെ ആരോഗ്യ വിദഗ്ധർ പറയുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്.ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുൾപ്പടെ, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് ഭക്ഷണശേഷം പഴങ്ങൾ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും.
ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ള പഴങ്ങൾ ആഹാരശീലത്തിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താനാകില്ല.എന്നാൽ കഴിക്കുന്ന സമയമാണ് പ്രശ്നം.പഴങ്ങളും ഭക്ഷണവും ഒരുമിച്ചു കഴിച്ചാൽ ശരീരം ആദ്യം ദഹിപ്പിക്കുന്നത് പഴങ്ങളെ ആയിരിക്കും.പിന്നീട് മാത്രമേ ഭക്ഷണം ദഹിക്കുകയുള്ളൂ.ഇത് ദഹനക്കേടിനു കാരണമാകും.തന്നെയുമല്ല ഭക്ഷണത്തിലെ എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാൻ ശരീരത്തിനു സാധിക്കുകയുമില്ല.
പഴങ്ങൾ രാത്രി കഴിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് ആയുർവേദം പറയുന്നത്. അത്താഴം എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പഴങ്ങൾ കഴിക്കേണ്ട സമയവും. ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ എങ്കിലും മുമ്പായി അത്താഴം കഴിക്കുന്നതാണ് നല്ലതെന്ന് ആയുർവേദം അനുശാസിക്കുന്നു.എന്നാൽ ആഹാരം കഴിച്ച ഉടനെയോ അല്ലെങ്കിൽ ആഹാരത്തിന് തൊട്ട് മുമ്പോ പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
വൈദ്യശാസ്ത്രം പ്രതിപാദിക്കുന്നത് പ്രകാരം ധാന്യാഹാരം ദഹിക്കണമെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂറുകൾ വേണം.പഴങ്ങൾ ദഹിക്കാൻ കേവലം ഒന്നോ ഒന്നരയോ മണിക്കൂർ മതി.ഇവ രണ്ടും ഒന്നിച്ച് കഴിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത്, രണ്ടു ഭക്ഷണങ്ങൾക്കും രണ്ട് ദഹനസമയങ്ങളാണ് എന്നതാണ്.വയർ അസ്വസ്ഥമാക്കാൻ ഇത് മതി.കാരണം. പുളിച്ച് തികട്ടൽ, ഗ്യാസ്, ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും എന്നതുതന്നെ.
രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ഉറക്കക്കുറവിനും കാരണമാകും. പഴങ്ങളിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെ അളവ് കൂടി ശരീരത്തിൽ ക്രമാതീതമായി ഊർജ്ജം കൂടുന്ന അവസ്ഥ ഉണ്ടാകുന്നു.ഈ ഊർജ്ജം കത്തിച്ച് കളയാതെ നേരെ വിശ്രമത്തിലേയ്ക്ക് പോകാൻ ശ്രമിക്കുമ്പോൾ ഉറങ്ങുന്നതിന് പ്രയാസം അനുഭവപ്പെടും.പാളയംകോടൻ പഴം, ചക്കപ്പഴം തുടങ്ങിയ പഴങ്ങളൊക്കെ രാത്രി ഭക്ഷണത്തിനു ശേഷം കഴിച്ചിട്ട് ഉറങ്ങാൻ പോകുമ്പോൾ സഹിക്കാനാകാത്ത വയറുവേദനയാൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ.ചോറിന്റെ പോലെയല്ല ഈ പഴങ്ങളുടെയൊക്കെ ദഹനസമയം. അതുകൊണ്ടാണ് വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നത്.എന്നാൽ പഴങ്ങൾ മാത്രം കഴിച്ചാൽ ഈ ആരോഗ്യപ്രശ്നം ഉണ്ടാവുകയുമില്ല.
എന്ന് കരുതി രാത്രിയിൽ പഴങ്ങൾ കഴിക്കേണ്ട എന്നാണോ? അല്ലേയല്ല. പറഞ്ഞുവന്നത് ദഹനസമയം വ്യത്യസ്തമായ ആഹാരങ്ങളോടൊപ്പം പഴങ്ങൾ കഴിക്കേണ്ട എന്നാണ്. രാത്രിയിൽ പഴങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അവ മാത്രം കഴിക്കാം. ആവശ്യമെങ്കിൽ പല തരാം പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കുകയുമാകാം.വാഴപ്പഴമോ, ആപ്പിളോ, മാമ്പഴമോ, പപ്പായയോ, സപ്പോട്ടയോ ഒക്കെ ചെറിയ കഷ്ണങ്ങളാക്കി യോജിപ്പിച്ച് കഴിക്കാം. അല്പം തേൻ കൂടെ ചേർത്താൽ രുചിയും കൂടും ഒപ്പം പ്രതിരോധ ശക്തിയും!
ഉറങ്ങുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ മുമ്പായെങ്കിലും പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.അത്താഴത്തിന് മറ്റെന്തെങ്കിലും ആഹാരം കഴിക്കുന്നുണ്ടെങ്കിൽ അതിന് ഒരു മണിക്കൂർ മുമ്പെങ്കിലുമായി പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.അതേപോലെ രാത്രിയിൽ പഞ്ചസാര കുറവുള്ളതും നാരുകൾ കൂടുതൽ ഉള്ളതുമായ പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. തണ്ണിമത്തൻ, പെയർ, കിവി പോലുള്ള പഴങ്ങൾ വളരെ നല്ലതാണ്.നാടൻ മാമ്പഴം, പേരയ്ക്ക തുടങ്ങിയവ തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്.