NEWS

കേരളത്തിലും ഉടൻ ഡീസൽ വാഹനങ്ങൾ ഒഴിവാക്കേണ്ടി വരും, സൂചനയുമായി ഹൈക്കോടതി

ഇന്ത്യയിലെ ഏറ്റവുമധികം വിഷലിപ്തമായ നഗരമാണ് ഡൽഹി. അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിൽ 50 ശതമാനത്തോളം വാഹന പുകയിൽ നിന്നും ഉണ്ടാകുന്നതാണ്. കേരളവും സമീപഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇത്

വാഹന സാന്ദ്രതയിൽ അമേരിക്കൻ ഐക്യനാടുകളുടെ നിലവാരത്തിലാണ് കേരളം. ആയിരം പേർക്ക് 425 വാഹനങ്ങൾ ഉണ്ടത്രെ കേരളത്തിൽ. എന്നുവച്ചാൽ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് സാരം. ഈ വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇലക്ട്രിക് വാഹനങ്ങളും ഗ്യാസ്ഇന്ധന വാഹനങ്ങളും പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കഴിയൂ. ഇതെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി.

അന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി നഗരപരിധിയിൽനിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസൽ വാഹനങ്ങൾക്ക് പകരമായി സി.എൻ.ജി, എൽ.എൻ.ജി വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം.
മലനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും വ്യക്തമാക്കി.
വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്നാണ് മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചത്. 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ലെന്ന് സർക്കാർ അറിയിച്ചു.

ഫോസിൽ ഇന്ധനങ്ങളായ പെട്രോളും ഡീസലും ഉപയോഗിച്ചുള്ള വാഹനഗതാഗതപ്പെരുക്കം ഭാവിയിൽ ഡൽഹിയുടെ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കും.
ഡീസൽ വാഹനങ്ങൾക്ക് 15 വർഷത്തെ ആയുസ്സ് മാത്രമാണ് ഡൽഹിയിൽ അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ കർശനമായ അത്തരം നിലപാട് സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക.
കെ.എസ്.ആർ.ടി.സി 3000 ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എൻ.ജി ബസുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 50 ഇലക്ട്രിക്കൽ ബസുകൾ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.
മലിനീകരണം കുറയ്ക്കുന്നതിനായി ഡീസലിനോടൊപ്പം എത്തനോൾ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Back to top button
error: