അജയ് ഗോപാൽ രചനയും സംഗീതവും പകർന്ന് ആലപിച്ച അയ്യപ്പഭക്തിഗാനം ദുബൈയിൽ റിലീസ് ചെയ്തു
മലയാളികൾക്ക് അജയ് ഗോപാൽ എന്ന ഗായകൻ സുപരിചിതനാണ്. കൈരളി ടി.വിയുടെ ‘പാട്ടുറുമാലി’ലൂടെയാണ് അരങ്ങേറ്റം. ആ ജനപ്രിയ റിയാലിറ്റി ഷോയിലെ ആദ്യ വിജയി. പിന്നീട് മമ്മുട്ടി ചിത്രമായ ‘മാമാങ്ക’ത്തിനടക്കം ധാരാളം ചിത്രങ്ങൾക്ക് അജയ് വരികളെഴുതുകയും പാടുകയും ചെയ്തു. സംഗീതനാടക അക്കാദമിയുടെ മികച്ചഗായകൻ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ അജയ് ഗോപാൽ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘സ്വാമി ദർശനം’ ആലപിച്ച് അഭിനയിച്ചതും അജയ് തന്നെ
ജാതിമതവർണ്ണഭേദമെന്യേ എല്ലാവരും ഒന്നാണെന്ന തത്ത്വമസി പൊരുൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ‘സ്വാമിദർശനം’ എന്ന അയ്യപ്പഭക്തിഗാനം ദുബായിൽ റിലീസ് ചെയ്തു.
യു.എ.ഇ സ്വദേശിയും ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനുമായ അബ്ദുള്ള ഫലഖ്നാസ്, സ്വാമി അജിന് നൽകിക്കൊണ്ടായിരുന്നു റിലീസ്.
ഹെവൻലി മൂവിസ്ന്റെ സഹായത്തോടുകൂടി പാപ്പാ ഫിലിംസ് പ്രൊഡക്ഷൻസാണ് ഈ ഭക്തിഗാനം നിർമിച്ചിത്. 2009 ലെ കേരള സംഗീതനാടക അക്കാദമി മികച്ചഗായകനുള്ള പുരസ്‌കാരം നേടിയ അജയ് ഗോപാലാണ് ഈ ഗാനത്തിന് രചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അജയ് തന്നെ പാടിയ ഈ ഗാനം ദൃശ്യസംവിധാനവും ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് ഉണ്ണി വി. മധു ആണ്. പാപ്പയുടെയും ആർഷവാണി വിശ്വവൈഭവം എന്ന സംഘടനയുടെയും യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ഗാനം അതിന്റെ വരികൾകൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
പാട്ടെഴുതുവാനും സംഗീതം പകരുവാനും പാടുവാനുമുള്ള കഴിവ് ഒത്തുചേർന്ന ഒരു അപൂർവ്വ പ്രതിഭയാണ് അജയ് ഗോപാൽ. മെഗാഹിറ്റ് മമ്മുട്ടി ചിത്രമായ ‘മാമാങ്ക’ത്തിനടക്കം ധാരാളം ചിത്രങ്ങൾക്ക് അജയ് വരികളെഴുതുകയും പാടുകയും സംഗീതം പകരുകയും ചെയ്തിട്ടുണ്ട്. മാമാങ്കത്തിലെ ‘കണ്ണനുണ്ണി മകനെ’ എന്ന താരാട്ടുപാട്ട് ജനഹൃദയങ്ങളെ കീഴടക്കിയിരുന്നു. ശ്രേയ ഘോഷാലും കെ.എസ് ചിത്രയും ഉൾപ്പെടെ ധാരാളം ഗായകർ അദ്ദേഹത്തിന്റെ വരികളിലും സംഗീതത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായ അജയ് കോഴിക്കോട് ചെറുവണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സബർമതി സ്റ്റഡി ആൻഡ് റിസേർച് സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ ഡയറക്ടർ കൂടെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാപ്പാ ഫിലിംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തുടർന്ന് വിദേശങ്ങളിലും നാട്ടിലും ഇവെന്റുകളും, സിനിമകളും നിർമ്മിക്കുവാനുള്ള പദ്ധതികളുണ്ട്.