ക്രിമിനലുകളും മാഫിയകളും മുന്‍പ് വ്യാപകമായി യുപിയില്‍ ഗെയിം കളിക്കുകയായിരുന്നെന്നും പക്ഷെ ഇപ്പോൾ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതിന് ശേഷം അവര്‍ ജയില്‍ ഗെയിമാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് യുപിയിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപി മുഖ്യമന്ത്രി യോഗി ആദിനാഥിനെ പുകഴ്ത്തിയും സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതിൽ 15,828 പരാതിയും യുപിയില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നു. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യമുള്ളത്.ഗോസംരക്ഷകരുടെ നേതൃത്വത്തിൽ മുസ്ലിങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടന്നതും യുപിയിലാണ്.ക്രൈസ്തവർക്കെതിരെ കഴിഞ്ഞ ഒരു വർഷം മാത്രം 430 ആക്രമണങ്ങളാണ് ഇവിടെ നടന്നത്.കർഷക സമരം നടത്തിയവർക്കെതിരെയും അത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെയും ഇവിടെ ആക്രമണങ്ങൾ നടന്നിരുന്നു.