കോവളത്ത് സ്വീഡിഷ് പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കികളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതോടെ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
അതേസമയം കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
പോലീസുകാർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി.