‘മറ്റൊരുവളി’ൽ വാണീ വിശ്വനാഥിൻ്റെ ഭർത്താവായി പിള്ളച്ചേട്ടൻ എത്തിയ കഥ
തിലകൻ ചേട്ടനെ ഞാൻ കാര്യം അറിയിച്ചു. ചേട്ടൻ എന്നെയും ഗണേഷ് ചേട്ടനെയും അടപടലം തെറി പറഞ്ഞു. ഷൂട്ട് മുടങ്ങുമെന്ന അവസ്ഥയിൽ അവസാന നിമിഷം എനിക്ക് ജി.കെ പിളള ചേട്ടന്റെ കോൾ വന്നു.
‘അനുജാ, ഞാൻ അഭിനയിച്ചാൽ മതിയോ…? ആക്ഷൻ ഹീറോയിൻ വാണീ വിശ്വനാഥിനൊപ്പം അഭിനയിക്കാൻ വയസ്സായ കാലത്ത് ഒരു പൂതി’ പറഞ്ഞു തീർത്തതും ഇടിവെട്ടു പോലെ സ്വതസിദ്ധമായ ആ പൊട്ടിച്ചിരി
കഥ നടക്കുന്നത് 20 വർഷം മുമ്പാണ്, 2002 ൽ.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘പാവക്കൂത്ത്’ എന്ന എന്റെ സൂപ്പർ ഹിറ്റ് സീരിയലിൽ ചലച്ചിത്ര താരം പ്രിയാരാമന്റെ വൃദ്ധനായ ഭർത്താവിന്റെ വേഷത്തിൽ അഭിനയിക്കാൻ ഞാൻ വിളിക്കുമ്പോൾ ആരംഭിച്ചതാണ് ജി.കെ പിള്ള ചേട്ടനുമായുള്ള ബന്ധം.
ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായികയെ രണ്ടാം വിവാഹം കഴിച്ച് സംരക്ഷിക്കുന്ന റിട്ടയേർഡ് പ്രൊഫസർ വർമ്മയായി അസാമാന്യ പ്രകടനമാണ് പിളളച്ചേട്ടൻ കാഴ്ച വെച്ചത്.
2 വർഷത്തിലേറെ നീണ്ട ഷൂട്ടിനിടയിൽ ഞങ്ങൾ പറയാത്ത കഥകളില്ല.
പട്ടാളക്കഥകൾ മുതൽ സിനിമയും രാഷ്ട്രീയവും പരദൂഷണവും വരെ ഞങ്ങളുടെ രാപ്പകലുകളെ സജീവമാക്കി.
അതൊരു വലിയ ആത്മബന്ധത്തിന്റെ തുടക്കമായി.
ഇന്നത്തെ പ്രശസ്ത സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ കന്നി സംവിധാന സംരംഭമായിരുന്നു ആ പരമ്പര. നിർമ്മാണം നായിക പ്രിയാരാമൻ തന്നെയായിരുന്നു.
സീരിയൽ തീർന്നിട്ടും പളളച്ചേട്ടൻ എന്നെ നിരന്തരം വീട്ടിലെ ലാന്റ് ഫോണിൽ വിളിക്കും.
കുശലങ്ങൾ പറഞ്ഞ് സൗഹൃദം പുതുക്കും.
2005ൽ ഞാൻ സൂര്യക്കു വേണ്ടി വാണീ വിശ്വനാഥിനെ നായികയാക്കി ‘മറ്റൊരുവൾ’ എന്ന സീരിയൽ ചെയ്യുമ്പോഴാണ് ജി.കെ പിളളച്ചേട്ടന്റെ സ്നേഹത്തിന്റെ ആഴം ശരിക്കും അറിഞ്ഞത്. മനോരമയിൽ പ്രസിദ്ധീകരിച്ച കെ.ആർ മീരയുടെ നോവലിനെ ആസ്പദമാക്കി ഞാൻ തിരക്കഥയെഴുതിയ പരമ്പരയാണ് ‘മറ്റൊരുവൾ.’
തിലകൻ ചേട്ടനാണ് ഒരു പ്രധാന വേഷം ചെയ്യേണ്ടത്. കഥയൊക്കെ ഞാൻ പറഞ്ഞ് ചേട്ടൻ അഭിനയിക്കാൻ ഉഷാറായി നിൽക്കുമ്പോഴാണ് തിലകൻ ചേട്ടന് അസ്സോസിയേഷന്റെ വിലക്കുള്ള കാര്യം കെ.ബി ഗണേഷ് കുമാർ വിളിച്ചു പറയുന്നത്.
ഗണേഷ് ചേട്ടൻ സംഘടനയുടെ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായതു കൊണ്ട് നിർദ്ദേശം അനുസരിക്കാതെ വയ്യ.
ഷൂട്ട് തുടങ്ങാൻ ഒറ്റ ദിവസമേയുള്ളു.
ഞങ്ങൾ യൂണിറ്റ് മുഴുവൻ കോവളത്ത് തങ്ങുകയാണ്.
ഞാൻ തിലകൻ ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു.
ചേട്ടൻ എന്നെയും ഗണേഷ് ചേട്ടനെയും അടപടലം തെറി പറഞ്ഞു.
ഷൂട്ട് മുടങ്ങുമെന്ന അവസ്ഥയിൽ അവസാന നിമിഷം എനിക്ക് പിളള ചേട്ടന്റെ കോൾ വന്നു.
‘അനുജാ, ഞാൻ അഭിനയിച്ചാൽ മതിയോ…? ആക്ഷൻ ഹീറോയിൻ വാണീ വിശ്വനാഥിനൊപ്പം അഭിനയിക്കാൻ വയസ്സായ കാലത്ത് ഒരു പൂതി’ എന്ന് പറഞ്ഞു തീർത്തതും ഇടിവെട്ടു പോലെ ഫോണിന്റെ അപ്പുറത്തു നിന്ന് ആ സ്വതസിദ്ധമായ പൊട്ടിച്ചിരി.
എനിക്കറിയാം ചേട്ടൻ വന്നത് അഭിനയിക്കാൻ കൊതിച്ചിട്ടൊന്നുമല്ല.
എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ഷൂട്ട് നിന്നു പോകാതെ എന്നെ സഹായിക്കാനാണ്.
അങ്ങനെ പിറ്റേന്ന് പിളളച്ചേട്ടൻ അഭിനയിക്കാൻ വന്നു.
അല്ല അഭിനയിച്ചു തകർക്കാൻ വന്നു.
ചന്ദ്രശേഖരമേനോൻ എന്ന ആ കഥാപാത്രത്തെ ചേട്ടൻ അനശ്വരമാക്കി.
ആ നല്ല ബന്ധവും വാത്സല്യവും മരണം വരെ കാത്തു സൂക്ഷിച്ചു ആ വലിയ കലാകാരൻ.